ദുബൈ: വിനോദസഞ്ചാരികളുടെ ലോകോത്തര ആകർഷണ കേന്ദ്രമായി വളരുന്ന ദുബൈയിൽ അടുത്ത വർഷം 30 പുതിയ പാർക്കുകൾ കൂടി തുറക്കും. വലിയ സൗകര്യങ്ങളോടെയുള്ള പാർക്കുകളടക്കം പദ്ധതിയിലുണ്ട്. എന്നാൽ, നിർമിക്കുന്ന സ്ഥലം അടക്കമുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
മെഗാ പാർക്കുകൾ മുതൽ താമസ സ്ഥലങ്ങളിലെ പാർക്കുകളും ചെറിയ കമ്മ്യൂണിറ്റി കളിസ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് വകുപ്പ് മേധാവി അഹമ്മദ് ഇബ്രാഹീം അൽ സറൂനി പറഞ്ഞു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാർക്കുകൾക്ക് പുതുതലമുറ രൂപകൽപനയാണ് സ്വീകരിക്കുകയെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. അൽ നഹ്ദ, ഖിസൈസ്, അൽ വർക എന്നിവിടങ്ങളിൽ തുറന്ന പാർക്കുകൾക്ക് സ്വീകരിച്ച രീതിയാണ് പുതിയ പാർക്കുകൾക്കും ഉപയോഗിക്കുകയെന്നും കൂടുതൽ മികച്ച രൂപകൽപനയും കൂടുതൽ കളിസ്ഥലങ്ങളും ഇതിനുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയിൽ നിലവിൽ തന്നെ 190ലേറെ പാർക്കുകളുണ്ട്.
ബാർബിക്യൂ ഏരിയകൾ, കളി മൈതാനങ്ങൾ, കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും പ്രത്യേക സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും സേവനങ്ങളും പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളെയും താമസക്കാരെയും ഒരുപോലെ ഈ പാർക്കുകൾ ആകർഷിക്കുന്നുണ്ട്. വൻകിട പാർക്കുകൾ ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശക കേന്ദ്രമാണ്.
അടുത്ത മൂന്നു വർഷത്തേക്ക് 70 പുതിയ പാർക്കുകളാണ് അധികൃതർ ആസൂത്രണം ചെയ്തിട്ടുള്ളത്.
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ അനുസരിച്ച് വിനോദ മേഖലകൾക്കും പാർക്കുകൾക്കുമായി സജ്ജീകരിക്കുന്ന നഗരത്തിലെ സ്ഥലം ഇരട്ടിയാക്കും. ദുബൈയിലെ ജനസംഖ്യ വളർച്ച പരിഗണിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.