ദുബൈ: എമിറേറ്റിലെ ജനങ്ങളുടെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദുബൈ ട്രാൻസ്പോർട്ട് കോർപറേഷൻ (ഡി.ടി.സി) 300 ടാക്സി കാറുകൾ കൂടി ഉടൻ നിരത്തിലിറക്കും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടത്തിയ ലേലത്തിൽ പുതുതായി 300 നമ്പർ പ്ലേറ്റുകൾക്ക് കൂടി അംഗീകാരം ലഭിച്ചതായി ഡി.ടി.സി അറിയിച്ചു.
ഇതിൽ 25 ശതമാനം ഇലക്ട്രിക് ടാക്സികൾക്കാണ് ഉപയോഗിക്കുക. ഇതോടെ ഡി.ടി.സി ടാക്സി കാറുകളുടെ എണ്ണം 6000 ആയി ഉയരും. കൂടാതെ ഈ മേഖലയിൽ വിപണി വിഹിതം 46 ശതമാനമായി വർധിക്കുകയും ചെയ്യും. എമിറേറ്റിലെ സുസ്ഥിരവും കാര്യക്ഷമവുമായ ഗതാഗതത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ ഇത് ഡി.ടി.സിയെ സഹായിക്കും.
ടാക്സി കാറുകളുടെ എണ്ണം കൂടുന്നതോടെ 10 കോടി ദിർഹമിന്റെ അധിക വരുമാനം ലഭിക്കുമെന്നാണ് ഡി.ടി.സിയുടെ പ്രതീക്ഷ. കാലാനുസൃതമായി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുകയെന്ന ഡി.ടി.സിയുടെ നയത്തിന്റെ ഭാഗമാണ് പുതിയ കാറുകൾ പുറത്തിറക്കുന്നതെന്ന് സി.ഇ.ഒ മൻസൂർ റഹ്മാൻ അൽ ഫലാസി പറഞ്ഞു.
ഈ വർഷം വാഹനങ്ങളുടെ എണ്ണത്തിൽ ഏതാണ്ട് 10 ശതമാനം വർധനവുണ്ട്. ടാക്സി, ലിമോസിൻസ്, ബസുകൾ, മോട്ടോ സൈക്കിൾ തുടങ്ങി എല്ലാ മേഖലകളിലുമായി ആകെ വാഹനങ്ങളുടെ 9000ത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
നവീകരണം, വളർച്ച, ഉപഭോക്തൃ കേന്ദ്രീകൃതമായ പരിഹാരങ്ങൾ എന്നിവയിലെ നിക്ഷേപങ്ങൾ ദുബൈയിലെ മുൻനിര ഗതാഗത ഓപറേറ്റർ എന്ന നിലയിലുള്ള ഡി.ടി.സിയുടെ സ്ഥാനത്തെ അടിവരയിടുന്നതാണ്. ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നതിലൂടെ സുസ്ഥിരത നയത്തിലുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്.
കുറഞ്ഞ രീതിയിൽ കാർബൺ പുറന്തള്ളുന്ന നൂതനമായ സംവിധാനങ്ങളിലേക്ക് മാറുന്നതിനുള്ള നയങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. 2050ഓടെ നെറ്റ് സീറോ എമിഷൻ എന്ന ദുബൈയുടെ ലക്ഷ്യത്തെ പിന്തുണക്കുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.