ദുബൈ: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ സേന ബോംബിട്ടതിനെ തുടർന്ന് മരണമുനമ്പിലായ 31 നവജാത ശിശുക്കളെ റഫ അതിർത്തിയിൽ നിർമിച്ച യു.എ.ഇ ഫീൽഡ് ആശുപത്രിയിലേക്കു മാറ്റി. ലോകാരോഗ്യ സംഘടന, മാനുഷിക സഹായങ്ങൾ കൈമാറുന്നതിനായുള്ള യു.എൻ ഓഫിസ് എന്നിവയുമായി സഹകരിച്ച് ഫലസ്തീൻ റെഡ്ക്രസന്റിന്റെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
ഫലസ്തീൻ റെഡ് ക്രസന്റ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഡോക്ടർമാരും രണ്ടു നഴ്സുമാരും അടങ്ങുന്ന സംഘമാണ് ഫലസ്തീൻ റെഡ് ക്രസന്റിന്റെ ആംബുലൻസിൽ കുട്ടികളെ റഫ അതിർത്തിയിൽ എത്തിച്ചതെന്ന് ഗസ്സ ആശുപത്രി ഡയറക്ടർ ജനറൽ മുഹമ്മദ് സകൂത്ത് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒയുടെ വിദഗ്ധ സംഘം ശനിയാഴ്ച ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. 32 നവജാത ശിശുക്കൾ ഉൾപ്പെടെ 291 രോഗികളാണ് ആശുപത്രിയിൽ അവശേഷിക്കുന്നത്. അണുബാധയേറ്റ വലിയ മുറിവുകളും നട്ടെല്ലിന് തകരാറുപറ്റിയവരുമായതിനാൽ ഇവരിൽ ഭൂരിഭാഗം പേർക്കും നടക്കാൻപോലും പറ്റാത്തവരായിരുന്നു.
ഇൻകുബേറ്ററിന്റെ അഭാവത്തിൽ കുട്ടികളെ രക്ഷിക്കുന്നതിനായി ഡോക്ടർമാർ നടത്തുന്ന ശ്രമങ്ങളുടെ ഫോട്ടോ പുറത്തുവന്നതോടെ അൽ ശിഫ ആശുപത്രിയിൽ മരണത്തോട് മല്ലടിക്കുന്ന കുട്ടികളുടെ ദയനീയ സ്ഥിതി ആഗോളശ്രദ്ധ നേടിയിരുന്നു. ആശുപത്രിയിൽ ബോംബിട്ടതിനെ തുടർന്ന് വൈദ്യുതി ഇല്ലാതായതോടെയാണ് ഇൻകുബേറ്ററും മറ്റ് ഉപകരണങ്ങളും പ്രവർത്തനരഹിതമായത്. ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും ആശുപത്രിയിൽ നിലച്ചിരുന്നു. 2500 ജനങ്ങൾ, രോഗികൾ, മെഡിക്കൽ ജീവനക്കാർ എന്നിവർ ശനിയാഴ്ച രാവിലെയോടെ അൽ ശിഫ ആശുപത്രി വിട്ടതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. 25 മെഡിക്കൽ സ്റ്റാഫുകൾ ബാക്കിയുള്ള രോഗികൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.