ദുബൈ: ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി ആകെ 310 കോടി ദിർഹം വിതരണം ചെയ്യുമെന്ന് ദുബൈ വൈദ്യുതി, ജല അതോറിറ്റി (ദീവ) അറിയിച്ചു. 2023ലെ ആദ്യ ആറുമാസത്തെ ലാഭത്തിൽനിന്നാണ് ഇത്രയും തുക നൽകുന്നത്. ഓരോ ഓഹരിക്കും 6.2 ഫിൽസ് വീതമാണ് ലഭിക്കുക. ഒക്ടോബർ 18ന്റെ റെക്കോഡ് അനുസരിച്ചാണ് ലാഭവിഹിതം വിതരണം ചെയ്യുന്നത്. ദുബൈ സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി വഴി ഒക്ടോബർ 26ന് ഡിവിഡന്റുകൾ ലഭിക്കും.
‘ദീവ’യുടെ 2023 രണ്ടാം പാദത്തിലെ വരുമാനം 730 കോടി ദിർഹമായിരുന്നു. ഇതിൽ അറ്റാദായം 198 കോടി ദിർഹമാണ്. 2023ന്റെ ആദ്യ പകുതിയിൽ, ആകെ വരുമാനം 1270 കോടി ദിർഹമിലെത്തി. അറ്റാദായം 270 കോടി ദിർഹമുമായി. ഈ വർഷം ഒന്നാം പാതിയുടെ അവസാനത്തോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള നെറ്റ് കാഷ് 83.7 കോടി ദിർഹം വർധിച്ച് 540 കോടി ദിർഹമായി. സുസ്ഥിരമായ വളർച്ച, നൂതനമായ പ്രവർത്തന മികവ്, പരിസ്ഥിതിസൗഹൃദ പദ്ധതികൾ എന്നിവ ഉറപ്പുവരുത്തി എല്ലാ പങ്കാളികൾക്കും മികച്ച വരുമാനം നൽകുന്നതിൽ ‘ദീവ’ വളർച്ച കൈവരിച്ചതായി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.