ദുബൈ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ റോഡപകടങ്ങളിൽ എട്ടു മാസത്തിനിടെ ദുബൈ നിരത്തിൽ ജീവൻ നഷ്ടപ്പെട്ടത് ആറു പേർക്ക്. 58 പേർക്ക് സാരമായി പരിക്കേറ്റു. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിനെ തുടർന്ന് എട്ടു മാസത്തിനിടെ 99 അപകടങ്ങൾ സംഭവിച്ചു. വെള്ളിയാഴ്ച ദുബൈ പൊലീസാണ് അപകടങ്ങളുടെ കണക്ക് പുറത്തുവിട്ടത്.
ഈ കാലയളവിൽ നിയമലംഘനങ്ങളിൽ ഏർപ്പെട്ട 35,000 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തതായും ദുബൈ പൊലീസ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹമാണ് പിഴ.ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധ മാറി പെട്ടെന്നുള്ള ലൈൻ മാറ്റത്തിന് ശ്രമിക്കുന്നതാണ് കൂടുതൽ അപകടങ്ങൾക്കും കാരണം.
റെഡ് സിഗ്നൽ ശ്രദ്ധിക്കാതെ കടന്നുപോകുന്നതു വഴിയും ഹൈവേകളിൽ വേഗത കുറച്ച് വണ്ടിയോടിക്കുന്നതു വഴിയും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇങ്ങനെയുണ്ടായ അപകടങ്ങളുടെ വിഡിയോ ദൃശ്യങ്ങളും ദുബൈ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ മാറുക മാത്രമല്ല, അപകടസാധ്യത കൂടുകയും ചെയ്യുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ഫോൺ ചെയ്യുന്നതു മാത്രമല്ല, മെസേജ് അയക്കുന്നതും സമൂഹമാധ്യമങ്ങളിൽ ബ്രൗസിങ് നടത്തുന്നതും പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു.റോഡുകളിൽ സ്ഥാപിച്ച സ്മാർട്ട് കാമറകൾ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വിഡിയോയും പൊലീസ് പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.