ഷാർജ: കോവിഡ് കാലത്ത് നടന്ന ആദ്യ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന ചരിത്രം രചിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനമായി. ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ പുസ്തകോത്സവം കോവിഡ് തീർത്ത എല്ലാ വെല്ലുവിളികളെയും അനായാസം മറികടന്നാണ് 11 ദിവസം നീണ്ടുനിന്ന അക്ഷരപ്പെരുന്നാളിന് അരങ്ങൊരുക്കിയത്. പല വമ്പൻ മേളകളും കോവിഡ് തീർത്ത മഹാമാരിക്ക് മുന്നിൽ മുടങ്ങിയപ്പോൾ, പ്രതിസന്ധികാലത്തും എങ്ങനെ പ്രശ്നങ്ങളില്ലാതെ മേളയൊരുക്കാമെന്ന മാതൃക യാഥാർഥ്യമാക്കിയ ഷാർജ ഭരണകൂടത്തെയും ഷാർജ ബുക്ക് അതോറിറ്റിയെയും വാനോളം പ്രശംസിക്കുകയാണ് ലോകത്തെ അക്ഷരസ്നേഹികളും പുസ്കത പ്രേമികളും.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശുചിത്വ പ്രോട്ടോകോൾ ഉറപ്പുവരുത്തിയാണ് മേള നടത്തിയത്. ഒന്നു പിഴച്ചുപോയാൽ എല്ലാ അവതാളത്തിലായിപ്പോകുമായിരുന്ന പ്രതിസന്ധികാലത്ത്, സന്ദർശകരുടെ പ്രവേശനത്തിലുൾപ്പെടെ വിട്ടുവീഴ്ചയില്ലാത്ത ആരോഗ്യസുരക്ഷയും നിരീക്ഷണവും ഉറപ്പുവരുത്തിയിരുന്നു. നാലുഘട്ടങ്ങളിലായി 20,000 പേർക്ക് മാത്രമാണ് ദിവസവും സന്ദര്‍ശനം അനുവദിച്ചത്. മേളയുടെ ഭാഗമായി നടക്കാറുള്ള സാംസ്കാരിക പരിപാടികൾ ഇക്കുറി ഓൺലൈനായാണ് സംഘടിപ്പിച്ചത്. ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ ഓൺലൈനിൽ മേളയുടെ ഭാഗമായി. 73 രാജ്യങ്ങളിൽനിന്നായി 1024 പ്രസാധകരാണ് മേളക്കെത്തിയത്. 30ൽപരം ഭാഷകളിലായി 80000ത്തോളം പുതിയ തലക്കെട്ടുകൾ അക്ഷരപ്രേമികൾക്കുള്ള സമ്മാനമായി മേളയിലിടം നേടി. മലയാളം പുസ്തകങ്ങളും ചർച്ചകളും നിറയുന്ന വേദി ഇല്ലായിരുന്നുവെങ്കിലും നിരവധി മലയാള പുസ്തകങ്ങൾ മേളയിൽ വെളിച്ചം കണ്ടു. പുസ്തക വിൽപനയും നല്ല രീതിയിൽ നടന്നു. പരിപാടികള്‍ക്ക് ശേഷം ദിവസവും രാത്രി അഞ്ചു മണിക്കൂര്‍ അണുനശീകരണം നടത്തിയാണ് എക്സ്പോ സെൻറർ അക്ഷരപ്രേമികളെ വരവേറ്റിരുന്നത്.
പ്രതിസന്ധിയിലായ പ്രസാധകരെ സഹായിക്കാൻ മേളയിൽനിന്ന് 10 ദശലക്ഷം ദിർഹമിെൻറ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഭരണാധികാരി പുറപ്പെടുവിച്ച ഉത്തരവ് ഹർഷാരവത്തോടെയാണ് വായനലോകം സ്വീകരിച്ചത്. മേളയിൽ പങ്കെടുത്തവരുടെ സ്റ്റാൾ ഫീസ് ഒഴിവാക്കി നൽകാനുള്ള തീരുമാനം പ്രസാധകരെ തൊല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അക്ഷരങ്ങളെയും പുസ്തകങ്ങളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഷാർജ സുൽത്താനിൽനിന്ന് ഇത്തരത്തിലുള്ള സമ്മാനങ്ങൾ ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അഭിപ്രായ പ്രകടനമാണ് മിക്ക പ്രസാധകരും പങ്കുവെച്ചത്.
കോവിഡിന് മുന്നിൽ പകച്ചുപോയ ലോകത്തിന് അക്ഷരങ്ങളിലൂടെ അതിജീവനത്തിെൻറ പുതിയ പാഠം പകർന്നു നൽകിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചത്. പ്രതിസന്ധികളും ദുരിതങ്ങളും ആശങ്കകളും അത്രമേൽ നിഴലിച്ച കാലത്ത്, മേള നടക്കുമോ എന്ന അക്ഷരപ്രേമികളുടെ കാത്തിരിപ്പിനുള്ള ഷാർജ സുൽത്താെൻറ അതിഗംഭീരമായൊരു സമ്മാനമായിരുന്നു ഇത്തവണത്തെ പുസ്തകമേള. അക്ഷരങ്ങളിലൊളിപ്പിച്ച വിസ്മയക്കാഴ്ചകൾ കാണാൻ പതിനായിരങ്ങൾ ഇരമ്പിയെത്തുന്ന ഷാർജ പുസ്തകോത്സവം കോവിഡ് കാലത്ത് എങ്ങനെ സംഘടിപ്പിക്കുന്നുവെന്ന് കാണാനുള്ള കൗതുകത്തോടെയായിരുന്നു ലോകം ഷാർജയെ വീക്ഷിച്ചതും. എന്നാൽ, എല്ലാവരെയും അമ്പരപ്പിക്കുന്ന സംഘാടകമികവ് പുറത്തെടുത്താണ് പരാതികൾക്കിട നൽകാതെ ഷാർജ ഭരണകൂടവും ബുക്ക് അതോറിറ്റിയും പുസ്തകമേള ചരിത്രപരമായ വിജയമാക്കി മാറ്റിയത്.
കുറ്റമറ്റ രീതിയിൽ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി, വെല്ലുവിളികൾക്കിടയിലും കാര്യക്ഷമമായി മേള പൂർത്തീകരിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുൻനിർത്തിയാണ് പൊലീസും സാങ്കേതിക പ്രവർത്തകരും ബുക്ക് അതോറിറ്റി ജീവനക്കാരും എക്സ്പോ സെൻററും പ്രവർത്തിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ സേവനവും ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.