ദുബൈ: പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്റെ ഭാഗമായി ദുബൈയിൽ 4000 കോടി ദിർഹമിന്റെ വികസന പദ്ധതികൾക്ക് അംഗീകാരം. ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പുനസംഘടനക്ക് ശേഷം ചേർന്ന ദുബൈ എക്സിക്യുട്ടീവ് കൗൺസിലിന്റെ ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.
വൈവിധ്യമാർന്ന പദ്ധതികൾ അവതരിപ്പിക്കുന്ന പുതിയ നയം, എമിറേറ്റിലെ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ സമ്പന്നമാക്കാനും പ്രചോദനം നൽകാനും ലക്ഷ്യമിടുന്നു. 2024 മുതൽ 2026 വരെ മൂന്നു വർഷത്തേക്ക് ആസൂത്രണം ചെയ്ത പദ്ധതിയുടെ പരിധിയിൽ 10 അടിസ്ഥാന സാമ്പത്തിക മേഖലകളാണ് ഉൾപ്പെടുന്നതെന്ന് പ്ലാനിങ് ആന്റ് ജനറൽ ബഡ്ജറ്റ് സെക്ടർ എക്സിക്യുട്ടീവ് ഡയറക്ടർ ആരിഫ് അബ്ദുറഹ്മാൻ അഹ്ലി പറഞ്ഞു.. ആഗോള സാമ്പത്തിക വികസനത്തിന്റെ ശക്തവും ഊർജസ്വലവുമായ കേന്ദ്രമായും അതിവേഗം വളരുന്ന മേഖലകളുടെ വേദിയായും ദുബൈയെ മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾനുസരിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇതുവഴി ദുബൈയിലെ സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ പൊതു-സ്വകാര്യ പങ്കാളിത്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഏകീകരിച്ച ചട്ടക്കൂട് കൊണ്ടുവരുന്നതിൽ കേന്ദ്രീകരിക്കുന്നതാണ് സർക്കാറിന്റെ പി.പി.പി നയം. ഇതിനായി പി.പി.പി പദ്ധതികളുടെ പ്രകടനം കൃത്യമായ വിലയിരുത്തുന്നതിനും നിയന്ത്രണം ഉറപ്പാക്കുന്നതിനുമായി ധനമന്ത്രാലയം ഒരു സമഗ്ര പ്രകടന ചട്ടക്കൂട് (സി.പി.എഫ്) പ്രോഗ്രാം നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.