ദുബൈ: രണ്ടുവർഷത്തിനിടെ 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ പിടികൂടി ദുബൈ പൊലീസ്. അന്താരാഷ്ട്ര കൊള്ളസംഘത്തിന്റെ നേതാക്കൾ, കൊലയാളികൾ, പണം തട്ടിപ്പുകാർ, ആയുധക്കടത്തുകാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. ‘വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ട 379 പേരെ മുപ്പതോളം രാജ്യങ്ങൾക്കായി കൈമാറി. ദുബൈ പൊലീസ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിദേശരാജ്യങ്ങളിൽനിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ പിടികൂടി നാടുകടത്തി. ആസൂത്രിത കൊലപാതകം, ആയുധക്കവർച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിലുൾപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. 51.79 കോടി ദിർഹമിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. ദുബൈ പൊലീസ്, ഇന്റർ പോൾ, ആഭ്യന്തര മന്ത്രാലയം ഓഫിസ്, മറ്റ് എമിറേറ്റുകളിലെയും രാജ്യങ്ങളിലെയും പൊലീസ് വകുപ്പുകൾ എന്നിവയുമായി ചേർന്നാണ് പല ഓപറേഷനുകളും നടത്തിയത്.
നവംബറിൽ ആറ് യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് നടത്തിയ ‘ഓപറേഷൻ ഡസർട്ട് ലൈറ്റ്’ വഴി വമ്പൻ മയക്കുമരുന്ന് ഇടപാടുകൾ തടയാൻ കഴിഞ്ഞിരുന്നു. ഈ ഓപറേഷനിൽ 49 മയക്കുമരുന്ന് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് നെറ്റ്വർക്ക് തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ലഹരി മാഫിയ സംഘം നേതാവായ ഫ്രഞ്ചുകാരൻ മൂഫിദ് ബൗച്ചിബിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ‘ദ ഗോസ്റ്റ്’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ ആൾമാറാട്ടം നടത്തി വിവിധ രാജ്യങ്ങളിൽ കറങ്ങുന്നതിനിടെയാണ് ദുബൈയിൽ അറസ്റ്റിലായത്.
ഇതേവർഷമാണ് ഇറ്റലിയിലെ കുപ്രസിദ്ധ ക്രിമിനലായ റഫേൽ ഇംപീരിയലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വലംകൈയായ റഫേൽ മൗറിയെല്ലോയെയും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.