ദുബൈ: സുൽത്താൻ അൽ നിയാദി അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിൽ ചെലവിട്ടത് 4400 മണിക്കൂർ. നാസ ഉൾപ്പെടെ 10 അന്താരാഷ്ട്ര സ്പേസ് ഏജൻസികളും യു.എ.ഇയിലുടനീളമുള്ള 25 യൂനിവേഴ്സിറ്റികളും നിയോഗിച്ച ദൗത്യങ്ങൾ ഉൾപ്പെടെ 200 ഗവേഷണ, പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
പഠനത്തിനും പരീക്ഷണങ്ങൾക്കുമായി 580 മണിക്കൂറാണ് നിയാദി ചെലവിട്ടത്. ഇതിൽ പത്തോളം ഗവേഷണങ്ങൾ നിയാദി സ്വയം പൂർത്തീകരിച്ചു.
ഹൃദയധമനികളുടെ പ്രവർത്തനം, മനുഷ്യ ശരീരത്തിലുണ്ടാകുന്ന പുറംവേദന, പ്രോട്ടീൻ ക്രിസ്റ്റലൈസേഷന്റെ വളർച്ച, എപ്പിജെനെറ്റിക്സ്, രോഗപ്രതിരോധ സംവിധാനം, ദ്രാവക ചലനാത്മകത, സസ്യ ജീവശാസ്ത്രം, മനുഷ്യശരീരശാസ്ത്രം, മെറ്റീരിയൽ സയൻസ്, നിദ്രാ വിശകലനം, റേഡിയേഷൻ, നൂതന പര്യവേക്ഷണ സാങ്കേതികവിദ്യകൾ എന്നിവയായിരുന്നു പ്രധാന ഗവേഷണ വിഷയങ്ങൾ.
യു.എ.ഇയിലെയും ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തെയും ഗവേഷകരെയും വിദ്യാർഥികളെയും ഈ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാകാൻ സഹായിക്കുന്നതിൽ ഈ പരീക്ഷണങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
69 പര്യവേക്ഷണ സംഘത്തിനൊപ്പം മൈക്രോ ഗ്രാവിറ്റി ഗവേഷണരംഗത്ത് സുപ്രധാനമായ പരീക്ഷണവും നിയാദി നടത്തിയിരുന്നു. ദിവസവും 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷിയാകുന്ന ബഹിരാകാശ യാത്രികരുടെ ഭൂമിയിലെ പകൽ, രാത്രിചക്രത്തെ ഏതു രീതിയിലാണ് തടസ്സപ്പെടുത്തുന്നത്, നിദ്രയുടെ വിവിധ ഘട്ടങ്ങളെ ഇത് കാര്യമായി ബാധിക്കുന്നതെങ്ങനെ, ക്രമംതെറ്റിയ ഉറക്കം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമോ തുടങ്ങിയ പരീക്ഷണങ്ങളും അദ്ദേഹം നടത്തി. ഐ.എസ്.എസിന്റെ കിബോ മൊഡ്യൂളിൽനിന്നാണ് നൂതനമായ പ്രോട്ടീൻ ക്രിസ്റ്റലുകളുടെ വളർച്ച സംബന്ധിച്ച പരീക്ഷണം നടത്തിയത്.
പരീക്ഷണങ്ങളുടെ ഭാഗമായി സാൻഫോഡ് യൂനിവേഴ്സിറ്റിയുടെ ഹൃദയസംബന്ധമായ പഠനറിപ്പോർട്ടിന്റെ ഭാഗങ്ങളും അദ്ദേഹം സ്വീകരിച്ചിരുന്നു.
മൈക്രോഗ്രാവിറ്റിയിൽ ഹൃദയ കോശങ്ങളിലെ ക്ലിനിക്കൽ മരുന്നുകളുടെ ഫലങ്ങൾ പര്യവേക്ഷണം ചെയ്യുകയായിരുന്നു. ഈ കണ്ടുപിടിത്തങ്ങൾ രോഗികളിലും ബഹിരാകാശ പര്യവേക്ഷകരിലുമുണ്ടാകുന്ന ഹൃദയസംബന്ധമായ അപകടസാധ്യത തടയാൻ സഹായിക്കുമോയെന്ന പരീക്ഷണമാണ് നടത്തിയത്.
കനേഡിയൻ സ്പേസ് ഏജൻസി, സൈമൺ ഫ്രാസർ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് നോർത്ത് ഡക്കോട്ട എന്നിവയുമായി സഹകരിച്ചും നിരവധി ഗവേഷണങ്ങൾ അദ്ദേഹം നടത്തിയിരുന്നു.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററുമായി സഹകരിച്ച് നടത്തിയ ‘എ കാൾ ഫ്രം സ്പേസ്’ സംരംഭം വഴി ആറു മാസത്തിനിടെ 19 തവണ അദ്ദേഹം വിദ്യാർഥികളുമായും പൊതുജനങ്ങളുമായും സംവദിച്ചു.
ദുബൈ: ആറുമാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കി യു.എസിലെ ഹൂസ്റ്റണിൽ വന്നിറങ്ങിയ സുൽത്താൻ അൽ നിയാദി യു.എ.ഇയിലെത്തുന്നത് 14 ദിവസത്തിന് ശേഷം. യു.എ.ഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ അസി. ഡയറക്ടർ ജനറൽ അദ്നാൻ അൽ റഈസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 14 ദിവസം അൽ നിയാദി ഹൂസ്റ്റണിൽതന്നെ കഴിയും. പിന്നീട് ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കാനായി എത്തിച്ചേരും. പിന്നീട് ശാസ്ത്രപരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്കുതന്നെ മടങ്ങും -അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, തിരിച്ചെത്തുന്ന രാജ്യത്തിന്റെ അഭിമാനപുത്രന് സമുചിതമായ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്. നേരത്തെ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായരീതിയിൽ ഗംഭീര സ്വീകരണച്ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്രനേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.