ദുബൈ: നഗരത്തിന്റെ ശുചിത്വം നിലനിർത്തുന്നതിൽ സജീവമായി സന്നദ്ധപ്രവർത്തകരും. ഈ വർഷം ആദ്യ ആറു മാസത്തിൽ മാത്രം നഗരത്തിലെ ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചത് 4791 വളന്റിയർമാരാണ്. ഇതുവഴി ബീച്ച്, മരുഭൂമി, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 9.4 ടൺ മാലിന്യം ശേഖരിക്കാൻ സാധിച്ചതായി ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.
സന്നദ്ധപ്രവർത്തകർക്ക് ശുചിത്വ യജ്ഞത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നതിന് ‘ശുചീകരണ തൊഴിലാളിക്കൊപ്പം ഒരു മണിക്കൂർ’ എന്നപേരിൽ അധികൃതർ കാമ്പയിൻ ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന ബീച്ചുകൾ, മാർക്കറ്റുകൾ, വാണിജ്യ-വ്യവസായിക-താമസ സ്ഥലങ്ങൾ, മരുഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വളന്റിയർമാരെ നിയമിച്ചത്. ഇത് വലിയ വിജയമാണെന്നാണ് ഈ വർഷം ആദ്യ മാസങ്ങളിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വം പാലിക്കുന്നതിനും സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ മുനിസിപ്പാലിറ്റി ശ്രദ്ധയൂന്നുമെന്ന് മാലിന്യനിർമാർജന വിഭാഗം ആക്ടിങ് ഡയറക്ടർ എൻജി. സഈദ് അബ്ദുറഹീം സഫർ പറഞ്ഞു. വളന്റിയർമാരുടെ സേവനങ്ങൾ നഗരത്തിന്റെ ആകർഷണീയത നിലനിർത്തുന്നതിനും മുഴുസമയം മികച്ച സേവനം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിന്റെ ശുചിത്വത്തിൽ വലിയ പങ്കുവഹിക്കുന്ന ‘ശുചീകരണ തൊഴിലാളിക്കൊപ്പം ഒരു മണിക്കൂർ’ എന്ന കാമ്പയിനിന്റെ ഭാഗമായി പ്രദേശിക സാമൂഹിക കൂട്ടായ്മകൾ, തൊഴിലാളികൾ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ എന്നിവരെല്ലാം സന്നദ്ധ സേവനത്തിന് എത്തിയതായി അധികൃതർ വിലയിരുത്തി. കാമ്പയിൻ നേരത്തെ 10ാമത് വാർഷിക ‘വതനി അൽ ഇമാറാത്ത് ഹ്യുമാനിറ്റേറിയൻ വർക് അവാർഡ്’ ചടങ്ങിൽ കമ്യൂണിറ്റി ഫുട്പ്രിൻറ് അവാർഡ് കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.