ദുബൈ: തെലങ്കാന സ്വദേശികളായ 5 ഇന്ത്യക്കാർ 18 വർഷത്തിനു ശേഷം ജയിൽ മോചിതരായി നാട്ടിലെത്തി. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ദുബൈ ജയിലിൽ കഴിയുകയായിരുന്നു ഇവർ. ജയിൽ മോചിതരായവർ കഴിഞ്ഞദിവസം വിമാനമാർഗം ഹൈദരാബാദിൽ എത്തിച്ചേർന്നതായി തെലങ്കാന ഗൾഫ് എൻ.ആർ.ഐ സെൽ വൃത്തങ്ങൾ അറിയിച്ചു.
തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിൽ നിന്നുള്ള അഞ്ചുപേരാണ് മോചിതരായത്. ദുബൈയിൽ നിർമാണത്തൊഴിലാളികളായി ജോലി ചെയ്തുവരുന്നതിനിടെയാണ് കേസിലകപ്പെട്ടത്. സോനാപുർ ലേബർ ക്യാമ്പിൽ താമസിക്കുന്നതിനിടെ 2005ൽ ഇവരും നേപ്പാൾ സ്വദേശിയായ സുരക്ഷ ജീവനക്കാരനും തമ്മിൽ വാക്തർക്കമുണ്ടാവുകയായിരുന്നു. തർക്കം സംഘർഷത്തിലേക്ക് മാറുകയും ഇതിനിടയിൽ സുരക്ഷാ ജീവനക്കാരൻ മരിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ദുബൈ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും 10വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് അപ്പീൽ കോടതി ശിക്ഷ 25 വർഷമാക്കി വർധിപ്പിച്ചു.
സാമൂഹിക സംഘടനകളുടെയും ഇന്ത്യൻ കോൺസുലേറ്റിന്റെയും തെലങ്കാന സർക്കാറിന്റെയും ഇടപെടലിന്റെ ഫലമായാണ് 18 വർഷത്തിനുശേഷം ജയിൽ മോചനത്തിന് വഴിതെളിഞ്ഞതെന്ന് തെലങ്കാന ഗൾഫ് എൻ.ആർ.ഐ സെൽ കൺവീനർ എസ്.വി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാന മന്ത്രി, കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിയുടെ കുടുംബത്തെ സന്ദർശിക്കുകയും അഞ്ചുപേരുടെയും മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ദുബൈയിലെത്തി അധികൃതർക്ക് അപ്പീൽ നൽകുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 18നാണ് അഞ്ചുപേരും മോചിതരായത്. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ട ഇവർക്ക് ഇന്ത്യൻ കോൺസുലേറ്റാണ് ആവശ്യമായ രേഖകൾ ഏർപ്പെടുത്തി നൽകിയത്. മോചനത്തിന് സഹായിച്ച യു.എ.ഇ അധികൃതർ, ഇന്ത്യൻ കോൺസുലേറ്റ്, തെലങ്കാന സർക്കാർ തുടങ്ങിയവർക്ക് തെലങ്കാന ഗൾഫ് എൻ.ആർ.ഐ സെൽ അധികൃതർ നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.