ദുബൈ: എമിറേറ്റിലെ നിവാസികൾക്ക് ഭവനനിർമാണവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാനായി ഏകീകൃത പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ‘ദുബൈ ഇന്റഗ്രേറ്റഡ് ഹൗസിങ് സെന്റർ’ എന്ന് പേരിട്ട ഏകീകൃത സേവന പ്ലാറ്റ്ഫോമിലൂടെ ആറ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള 54 സേവനങ്ങൾ ലഭ്യമാകും. ചൊവ്വാഴ്ച യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടുത്തിടെ പ്രഖ്യാപിച്ച ദുബൈ സോഷ്യൽ അജണ്ട 33യുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് ശൈഖ് ഹംദാൻ എക്സിലൂടെ അറിയിച്ചു. ‘കുടുംബം: രാജ്യത്തിന്റെ അടിത്തറ’ എന്ന പ്രമേയമാണ് ദുബൈ സോഷ്യൽ അജണ്ട 33 മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ദുബൈയിലെ നിവാസികൾക്ക് വീടുകളും കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനായി ദുബൈ ഇന്റഗ്രേറ്റഡ് ഹൗസിങ് സെന്റർ അവതരിപ്പിക്കുകയാണ്- ഹംദാൻ വ്യക്തമാക്കി. ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന സെന്ററിലൂടെ നാല് സർക്കാർ സ്ഥാപനങ്ങൾ, രണ്ട് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള 54 സേവനങ്ങൾ ലഭിക്കും.
സ്ഥിരതയുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടാണ് ആദ്യ ഘട്ടമെന്ന നിലയിൽ 54 സേവനങ്ങളുമായി കേന്ദ്രം ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുന്നത്.
ഭാവിയിൽ കൂടുതൽ സേവനങ്ങളുമായി പദ്ധതികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാദൽ ഷിബയിലെ അവന്യു മാളിലായിരിക്കും സെന്ററിന്റെ പ്രവർത്തനം. കൺസൽട്ടൻസി, ഡിസൈൻ സെലക്ഷൻ, ചെലവ് ലാഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, ബാങ്ക് വഴിയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനുള്ള സഹായം, ഇന്ററീരിയർ ഡിസൈൻ, കളർ സ്കീമുകളുടെ തെരഞ്ഞെടുപ്പ്, എസ്റ്റിമേഷൻ ഓഫ് പ്രൊജക്ട് കോസ്റ്റ് തുടങ്ങിയ സേവനങ്ങളാണ് സെന്റർ വഴി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.