ശൈഖ് ഹംദാനൊപ്പം ഇസ്ലാമിക് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റിലേയും ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിലെയും ഉദ്യോഗസ്ഥർ
ദുബൈ: എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിൽ പള്ളികളുടെ സുസ്ഥിരമായ നിർമാണം, പരിപാലനം, പ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 56 കോടി ദിർഹമിന്റെ പദ്ധതി. പ്രധാന റിയൽ എസ്റ്റേറ്റ് മേഖലകളുമായി ബന്ധപ്പെട്ടാണ് സുസ്ഥിരതയിലൂന്നിയ പള്ളികൾ നിർമിക്കുക. മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന കരാറിന് ഇസ്ലാമിക് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റും ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റും തമ്മിൽ കരാർ ഒപ്പുവെച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് കരാർ യാഥാർഥ്യമായത്. സ്പോൺസർമാരുടെയും പള്ളി രക്ഷാധികാരികളുടെയും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെയും സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പള്ളികളുടെ നിർമാണത്തിനും പരിപാലനത്തിനും സംഭാവന നൽകുന്നതിലൂടെ സമൂഹത്തെ സേവിക്കുന്നതിൽ അവർ വഹിക്കുന്ന ശ്രദ്ധേയമായ പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.
ഒമ്പത് മേഖലകളിലായി 29,696 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള 42 പള്ളികൾ നിർമിക്കുന്നതിനായി ഇമാർ പ്രോപ്പർട്ടീസ് 28 കോടി ദിർഹമാണ് സംഭാവന ചെയ്തത്. മൂന്ന് പ്രദേശങ്ങളിലായി 7,000 വരെ വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് പള്ളികൾ നിർമിക്കുന്നതിനായി അസീസി ഡെവലപ്മെന്റ്സ് എട്ട് കോടി ദിർഹവും നാല് മേഖലകളിലായി 3,600 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഏഴ് പള്ളികൾ നിർമിക്കുന്നതിനായി ദമാക് പ്രോപ്പർട്ടീസ് അഞ്ചു കോടി ദിർഹവും നൽകും. മൂന്ന് പ്രദേശങ്ങളിലായി 3,000 വരെ വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഞ്ചു പള്ളികൾ നിർമിക്കുന്നതിന് എച്ച്.ആർ.ഇ വികസന പദ്ധതികൾ അഞ്ചു കോടി ദിർഹമാണ് നൽകുക.
രണ്ട് പ്രദേശങ്ങളിലായി നാല് പള്ളികളെ പിന്തുണക്കുന്നതിനായി ഡന്യൂബ് പ്രോപ്പർട്ടീസ് അഞ്ചു കോടി ദിർഹം നൽകും. മൂന്ന് മേഖലകളിലായി ആറ് പള്ളികൾ നിർമിക്കുന്നതിന് ഒ.ആർ.ഒ 24 ഡവലപ്മെന്റ്സ് അഞ്ചു കോടി സംഭാവന നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.