ഫുജൈറ: ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ദിബ്ബ മുനിസിപ്പാലിറ്റി നഗരത്തിലെ റസ്റ്റാറന്റുകൾ, കഫേകൾ, മറ്റു ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ എന്നിവയിൽ ആറു മാസത്തിനിടെ നടത്തിയ പരിശോധനകളിൽ പിടികൂടിയത് 603.96 കിലോ കേടായ ഭക്ഷ്യ ഉൽപന്നങ്ങൾ. ഈ വർഷം ജനുവരി മുതൽ തുടങ്ങിയ പരിശോധനയില്‍ നിയമങ്ങൾ ലംഘിക്കുകയും ശുചിത്വം പാലിക്കാത്തതുമായി ബന്ധപ്പെട്ട് 508 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
143 ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തുകയും നാല് റസ്റ്റാറന്റുകളും കഫേകളും അടച്ചു പൂട്ടുകയും ചെയ്തു. ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനുവദിക്കേണ്ട ആരോഗ്യ കാർഡുകൾ, യൂനിഫോം വസ്ത്രങ്ങൾ, ശിരോവസ്ത്രങ്ങൾ എന്നിവ പാലിക്കുന്നുണ്ടോയെന്നും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പുലർത്തുന്നുണ്ടോയെന്നുമാണ് അധികൃതർ പരിശോധിച്ചത്.
നിയമലംഘനങ്ങൾ തടയുന്നതിനും ആരോഗ്യ നിയന്ത്രണ വകുപ്പിന്റെ പ്രവർത്തന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ ഹസൻ സലാം അൽ യമാഹിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകൾ. ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾ വ്യക്തിപരമായ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 092443399 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.