അബൂദബി: ഈ വർഷം 6,600 ദിര്‍ഹമിന്റെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് അബൂദബി പ്രോജക്ട്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെന്റര്‍. എമിറേറ്റിലെ വിവിധ മേഖലകളിലായി 144 പദ്ധതികളാണ് കേന്ദ്രം നിര്‍മിക്കുന്നത്. ഇവക്ക് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സിൽ അനുമതി നൽകി. എമിറേറ്റിന്റെ സാമ്പത്തിക, വ്യാപാര, വികസന രംഗങ്ങളില്‍ സുപ്രധാന മാറ്റങ്ങളും സുസ്ഥിരതയും കൊണ്ടുവരുന്നതിനായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ഭവന നിർമാണം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, പ്രകൃതി വിഭവങ്ങള്‍, ജീവിതനിലവാരം എന്നിവ ഉൾപ്പെടുന്ന മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് വികസന പദ്ധതികൾ. ഭവനമേഖലയെ ശക്തിപ്പെടുത്താന്‍ ഇടത്തരവും ദീര്ഘകാലാടിസ്ഥാനത്തിലുമായ സാമ്പത്തിക പദ്ധതികളാണ് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അബൂദബിയിലുടനീളം വിവിധ ഭവന, പൊതുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 5,900 ദിര്‍ഹമിലേറെയാണ് വകയിരുത്തിയിരിക്കുന്നത്. മുഴുവൻ ജനസമൂഹങ്ങളിലും സമഗ്ര വികസനമാണ് ലക്ഷ്യം. ജനങ്ങൾക്കായി എല്ലാ തരത്തിലുമുള്ള സംയോജിതവും സമഗ്രവുമായ സേവനങ്ങൾ ഇതു വഴി ലഭ്യമാക്കും.
വിദ്യാഭ്യാസ, സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, മനുഷ്യ മൂലധനം എന്നിവക്കായി 400 കോടി ദിര്‍ഹവും അനുവദിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങള്‍ക്കായി 50 ദശലക്ഷം ദിര്‍ഹമാണ് നീക്കിവെച്ചിരിക്കുന്നത്.
വികസന രംഗത്തെ ഓരോ പദ്ധതികളും മികവിനുള്ള തങ്ങളുടെ സാക്ഷ്യമാണെന്ന് മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു. 13,000ത്തോളം ഭവനങ്ങളാണ് പദ്ധതിയുടെ ഭാഗമായി അബൂദബി, അല്‍ഐന്‍, അല്‍ ധഫ്ര എന്നിവിടങ്ങളിലായി നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.