ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ തടവുകാർക്ക് നൽകിയത് 70 ലക്ഷം ദിർഹമിന്റെ സാമ്പത്തിക സഹായം. ദുബൈ പൊലീസും വിവിധ ജീവകാരുണ്യ സംഘടനകളും ചേർന്നാണ് ഇത്രയധികം സഹായം ലഭ്യമാക്കിയത്. 98 പുരുഷ-വനിത തടവുകാർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
ചെറിയ കേസുകളിൽപെട്ട് തടവിലായവരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനാണ് സഹായം നൽകിയത്. ദിയാദനം നൽകാനും പിഴ അടക്കാനും സാമ്പത്തിക കേസുകൾ തീർപ്പാക്കാനും ഈ പണം വിനിയോഗിച്ചു. യു.എ.ഇയിലെ ബിസിനസുകാരും സുമനസ്കരുമാണ് ഇതിന് സഹായിച്ചത്.
2022ൽ ആകെ 70,47,709 ദിർഹമിന്റെ സഹായമാണ് നൽകിയത്. അഞ്ചുപേരുടെ ദിയാദനം നൽകാൻ മാത്രം 10 ലക്ഷം ദിർഹം ചെലവഴിച്ചു. ബാക്കി തുക 93 തടവുകാരുടെ സാമ്പത്തിക തർക്ക കേസുകൾ പരിഹരിക്കാനും ബാങ്ക് കടങ്ങൾ തീർക്കാനും ഉപയോഗിച്ചു. ബിസിനസ് തകർന്നതുമൂലം കടക്കെണിയിലായി ജയിലിലായ 52കാരന്റെ കടം തീർക്കാനും കുടുംബത്തെ പിന്തുണക്കാനും പൊലീസ് ഇടപെട്ടു.
തടവുകാർക്ക് തെറ്റിൽനിന്ന് തിരിച്ചുവരാനും കുടുംബവുമൊത്ത് തുടർജീവിതം നയിക്കാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹായം ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. തടവുകാർക്കായി കല-കായിക മത്സരങ്ങളും നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.