ദുബൈ: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും സഹ ജീവികളോടുള്ള കാരുണ്യത്തിന്റെ വറ്റാത്ത മാതൃക കാണിച്ച് യു.എ.ഇയിലെ ഒരു കൂട്ടം പ്രവാസികൾ. ദുബൈയിലെ ‘ജിംഗിൾസ്’ എന്ന കൂട്ടായ്മ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിംഗിങ് കരോൾ വഴി പിരിഞ്ഞുകിട്ടിയ 7,76,560 ദിർഹം (1.75 കോടി രൂപ) യു.എ.ഇയിലെ രക്താർബുദ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി സംഭാവന ചെയ്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 16 ദിവസം കൊണ്ടാണ് വൻ തുക ഇവർക്ക് പിരിഞ്ഞുകിട്ടിയത്. ഈ തുക മുഴുവനായും യു.എ.ഇ സർക്കാറിന് കീഴിലെ സന്നദ്ധ സേവന സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റി (ഇ.ആർ.സി)ന് കൈമാറുകയായിരുന്നു.
രക്താർബുധം ബാധിച്ച ആറു കുട്ടികളുടെ ചികിത്സക്കായാണ് ഇത്തവണ തുക സമാഹരിച്ചത്. അവർ പൂർണമായും രോഗമുക്തി നേടി ആരോഗ്യത്തോടെ ജീവിതം മുന്നോട്ടുകൊണ്ടു പോകട്ടെ എന്ന് ആശംസിക്കുന്നതായി ‘ജിംഗിൾസ്’ കൂട്ടായ്മ സഹ സ്ഥാപകനായ രാജീവ് ഡേവിഡ് പറഞ്ഞു. മുതിർന്നവരേക്കാൾ 90 ശതമാനം രോഗമുക്തി സാധ്യത കുട്ടികളിൽ കൂടുതലാണ് എന്നതിനാലാണ് ഇവർക്കായി ഫണ്ട് ശേഖരണം കേന്ദ്രീകരിക്കുന്നത്. എന്നാൽ, ചികിത്സ പൂർത്തിയാക്കാനായാൽ മാത്രമേ ഇത് സാധ്യമാകൂ.
ഇതിനായി ഒരു കുട്ടിക്ക് 150,000 മുതൽ 350,000 ദിർഹം വരെയാണ് ചെലവ്. ദുബൈയിലെ രക്താർബുദം ബാധിച്ച കുട്ടികൾക്കായി ധനസമാഹരണത്തിന്റെ വിജയകരമായ മറ്റൊരു സീസണിലേക്ക് സംഭാവന നൽകിയ എല്ലാവരോടും ദൈവത്തിനും നന്ദി പറയുന്നതായി ‘ജിംഗിൾസ്’ ഗ്രൂപ്പ് സഹ സ്ഥാപക ജസീക ഡേവിഡ് പറഞ്ഞു.
അതോടൊപ്പം എമിറേറ്റ്സ് റെഡ് ക്രസന്റിനും ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റിനും ഈ ശ്രമം ഏറ്റെടുക്കുന്നതിന് നൽകിയ ലൈസൻസിനും പെർമിറ്റിനും പ്രത്യേകം നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല, ‘ജിംഗിൾസ്’ ഗ്രൂപ്പ് ഇത്തരത്തിൽ ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതെന്ന് ഇ.ആർ.സി ഫണ്ട് റൈസിങ് എക്സിക്യുട്ടീവ് മുഹമ്മദ് കമാൽ പറഞ്ഞു.
സമാഹരിച്ച തുക യുവ ഗുണഭോക്താക്കൾക്ക് വലിയ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 2011ൽ വെറും ഒമ്പത് അംഗങ്ങൾ മാത്രമുണ്ടായിരുന്നു ഗ്രൂപ്പ് ഈ വർഷം 105 അംഗങ്ങളായി വളർന്നിരിക്കുകയാണ്. 2014ൽ സംഘം 3,33,000 ദിർഹം പിരിച്ചെടുത്ത് സംഭാവന ചെയ്തിരുന്നു. 2016ൽ 4,56,000 ദിർഹവും 2019ൽ 6,50,000 ദിർഹവും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.