രണ്ടു​ ദിനംകൊണ്ട്​ 82 പവലിയൻ

എട്ടു​ വർഷം മുമ്പ്​​ ഉപ്പാനോടൊപ്പം നടക്കാനിറങ്ങിയ ആ രാത്രിയിലാണ്​ ഞാൻ ആദ്യമായി എക്​സ്​പോയെ കുറിച്ച്​ കേൾക്കുന്നത്​. അന്ന്​ എനിക്ക്​ അഞ്ചു​ വയസ്സു​ മാത്രം.

ക്രീക്കിന്​ സമീപത്തുകൂടി നടക്കവെ ബുർജ്​ ഖലീഫയുടെ മുകളിൽ നിന്ന്​ വർണങ്ങൾ വാരി വിതറുന്നത്​ കണ്ടപ്പോഴാണ്​ ഉപ്പ എക്​സ്​പോയെ കുറിച്ച്​ വിവരിച്ചു​ തന്നത്​. 2013 നവംബർ 27നായിരുന്നു അത്​. അന്നാണ്​ ദുബൈ നഗരത്തെ അടുത്ത എക്​സ്​പോ വേദിയായി പ്രഖ്യാപിച്ചത്​. എക്​സ്​പോയുടെ പ്രാധാന്യമോ വലുപ്പമോ ഒന്നും അന്ന്​ മനസ്സിലായിരുന്നില്ലെങ്കിലും ഇന്ന്​ കൺമുന്നിൽ അത്​ ദൃശ്യമാണ്​. എക്​സ്​പോ തുടങ്ങിയ ശേഷം രണ്ടു​ ദിവസങ്ങളിലായി 82 പവലിയനുകൾ സന്ദർശിക്കാനുള്ള ഭാഗ്യവും എനിക്ക്​ കിട്ടി. മാത്രമല്ല, എക്​സ്​പോ തുടങ്ങുന്നതിന്​ മുമ്പു​ തന്നെ വേദി സന്ദർശിക്കാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു.

വിദ്യാർഥികൾക്ക്​ എക്​സ്​പോ വേദിയിലേക്ക്​ പ്രവേശനം സൗജന്യമാണ്​. ഇതിന്​ എക്സ്പോ സൈറ്റിൽ സ്​റ്റുഡൻറ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്​റ്റർ ചെയ്‌താൽ മതി. രണ്ടു​ ദിവസമാണ്​ എക്​സ്​പോയിൽ സന്ദർശിച്ചത്​. മൊബൈൽ ആപ്പിൽ പരിശോധിച്ചപ്പോൾ 28,223 സ്​റ്റെപ്പുകളാണ്​ ഞങ്ങൾ നടന്നുതീർത്തതെന്ന്​ മനസ്സിലായി. എക്​സ്​പോ പാസ്​പോർട്ടിൽ 82 രാജ്യത്തി​െൻറ സ്​റ്റാമ്പുകൾ പതിപ്പിക്കാനും കഴിഞ്ഞു.

ഞങ്ങളെ ഏറെ ആകർഷിച്ച പവലിയനുകളിൽ ഒന്നാണ്​ ചൈനീസ്​ പവലിയൻ. രൂപം തന്നെ വ്യത്യസ്​തമാണ്​. Hope and a bright future എന്ന ആപ്തവാക്യത്തിലാണ്​ പവലിയ​െൻറ പ്രവർത്തനം. ഇവിടെ സ്​റ്റാമ്പിനൊപ്പം ഗോൾഡൻ ഇൗഗിൾ സ്​റ്റിക്കറും പതിപ്പിക്കുന്നുണ്ട്​. വംശ നാശം സംഭവിക്കുന്ന പാണ്ടകളെ കുറിച്ചറിയാൻ ഇൗ പവലിയൻ സഹായിക്കും. ഏറ്റവും കൂടുതൽ പാണ്ടകൾ ഉള്ള നാട്​ കൂടിയാണല്ലോ ചൈന.

ഓപ്പർച്ച്യൂനിറ്റി ഡിസ്ട്രിക്ടിലെ ദുബൈ കെയർ പവലിയൻ കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളുമായി സന്ദർശിച്ചിരിക്കേണ്ട പവലിയനാണിത്​. രണ്ടു ലെവലിലുള്ള പവലിയനിലെ വെർച്വൽ റിയാലിറ്റി ടെക്‌നോളജി നമ്മുടെ മുമ്പിൽ തുറന്നുതരുന്ന വാതായനങ്ങൾ വേറെ ലെവലാണ്​. ഒരാൾ ശൂന്യതയിൽ വരക്കു​േമ്പാൾ നമുക്ക്​ തോന്നും ഇയാൾക്ക് സുഖമില്ലേയെന്ന്. എന്നാൽ, ശൂന്യതയിൽ വരച്ച ചിത്രം കാണുമ്പോൾ സ്​ക്രീനിൽ തെളിയു​േമ്പാൾ നമ്മൾ അന്തംവിട്ടുപോകും.വിയറ്റ്‌നാം പവലിയൻ കോഫിയുടെ മണം കൊണ്ട് നിറഞ്ഞിരിക്കുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ കോഫി രുചിക്കാൻ അവസരം കിട്ടി. ഇന്തോനേഷ്യൻ സിവറ്റ് ക്യാറ്റി​െൻറ പൂപ്പിൽ നിന്ന് എടുക്കുന്ന കോഫിസീഡിൽ നിന്ന് ഉണ്ടാക്കുന്ന കോഫി. ഇഷ്​ടമില്ലാത്തവർ പോലും കോഫി ഇഷ്​ടപ്പെട്ടുപോകും.റൂബി ക്യാപിറ്റൽ എന്നറിയപ്പെടുന്ന മ്യാൻമർ പവലിയൻ മുഴുവൻ പല രൂപത്തിലുള്ള റൂബീസ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലോക പ്രശസ്ത സിൽക്ക് അവരുടെ പരമ്പരാഗത നൈപുണ്യം നമുക്ക്‌ കാണിച്ചു തരുന്നു ഭൂട്ടാൻ പവലിയൻ. അഫ്‌ഗാനിസ്താൻ പവലിയനിൽ കൈകൊണ്ട് ഉണ്ടാക്കിയ പരവതാനി, ആൻറിക് ആഭരണങ്ങൾ, കുങ്കുമപ്പൂവ് എന്നിവ കണ്ടറിയാനും ഡ്രൈ ഫ്രൂട്ട്സ് ആൻഡ് നട്‌സ് രുചിച്ചറിയാനും അവസരം നൽകി. പരമ്പരാഗത സംഗീത ഉപകരണമായ റബാബിൽ നിന്നും ഒഴുകിയെത്തുന്ന സംഗീതം എല്ലാവരുടെയും ഹൃദയത്തിൽ തൊട്ടുപോകും. നൈൽ നദിയുടെ ദാനമായ ഈജിപ്ഷ്യൻ പവലിയനിൽ കയറാൻ നദി പോലെ നീണ്ടുകിടക്കുന്ന ക്യൂ ഉണ്ടായിരുന്നു. പവലിയൻ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തിയില്ല. ഫറോ​വയുടെ കഫിൻ ബോക്സ് വലിയ നെക്ലേസ് ഗോൾഡൻ ഈഗിൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പരമ്പരാഗത കാസ്കെറ്റ് കസേരയും കാണാം.

കാടും കാട്ടുമൃഗങ്ങളും കൊണ്ട് നിറഞ്ഞുതുളുമ്പി നിൽക്കുന്ന ടാൻസാനിയ ഹരിതമയമാണ്​. പരിസ്​ഥിതി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നത് വിഷ്വൽസ് കാണിച്ചുതരുന്നുണ്ട്. കടലിനടിയിൽ ഇത്രയും കാഴ്‌ചകളുണ്ടോയെന്ന് ആരെയും അമ്പരപ്പിക്കുന്നതാണ്​ നോർവെയുടെ സമുദ്രക്കാഴ്​ചകൾ. സമുദ്രസമ്പത്ത്​ ഇൗ രാജ്യത്തി​െൻറ സ്​ഥിരവരുമാന മാർഗങ്ങളിൽ ഒന്നാണ്​.

രണ്ടായിരത്തിലധികം പക്ഷികൾ പാറിപറക്കുന്നു കൊളംബിയൻ പറുദീസയിൽ. ലോകത്തിലെ ഏറ്റവും വില കൂടിയ വജ്രം മാസിഡോണിയൻ പവലിയ​െൻറ ആകർഷണം തന്നെയായിരുന്നു. സ്വിസ് പവലിയൻ നല്ല ചൂടിൽ നിന്ന് മഞ്ഞുകണങ്ങൾ കൊണ്ട് സന്ദർശകരെ സ്വീകരിക്കുമ്പോൾ സ്വിസ് തെരുവീഥിയിലൂടെ ഉല്ലാസയാത്ര നടത്തിയ പ്രതീതിയാണ് നൽകിയത്. കൂടെ സ്വിസ് ചോക്ലേറ്റി​െൻറ മധുരം കൂടിയായപ്പോൾ പൊളിച്ചടുക്കി. ഓരോ പവലിയനിൽ നിന്നും തരുന്ന കോംപ്ലിമെൻററി ഗിഫ്​റ്റുകൾ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ സ്വന്തം ദുബൈ എക്സ്പോയുടെ ചില വിസ്മയങ്ങൾ.

-സമീഹ അൻസാരി

Tags:    
News Summary - 82 pavilions in two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.