ദുബൈ: ലോകത്ത് വിനോദ സഞ്ചാരികളുടെ പറുദീസകളിൽ ഒന്നായ ദുബൈ നഗരത്തിൽ ഈ വർഷം ആദ്യ പകുതിയിൽ മാത്രം എത്തിയത് 93 ലക്ഷം സന്ദർശകർ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ എത്തിയത് 85.5 ലക്ഷം പേരാണ്. ഈ വർഷം സന്ദർശകരുടെ വരവിൽ ഒമ്പത് ശതമാനമാണ് വർധന. ഞായറാഴ്ച ദുബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
2023ൽ 17.15 ദശലക്ഷം സന്ദർശകരുമായി വിനോദ സഞ്ചാര രംഗത്ത് റെക്കോർഡ് തീർത്ത ദുബൈ ഈ വർഷവും റെക്കോഡ് നേടുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2024ൽ ആദ്യ പകുതിയിൽ ദുബൈ കൈവരിച്ച ശക്തമായ ടൂറിസം വളർച്ച ഉൽപാദനക്ഷമമായ പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തുന്നതിലും വിപുലമായ ആഗോള ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള നഗരത്തിന്റെ കഴിവിന്റെ തെളിവാണെന്ന് ദുബൈ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്ത് ലോകത്ത് മുൻനിര നഗരമെന്ന പദവി എല്ലാ വർഷവും ഉറപ്പിക്കുന്നത് തുടരുകയാണ്. ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമെന്ന നിലയിലും ദുബൈയുടെ ജനപ്രീതി വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 2024 ജനുവരിമുതൽ ജൂൺവരെയുള്ള കാലയളവിൽ ജി.സി.സി, മെന എന്നിവിടങ്ങളിലാണ് ആകെ സന്ദർശകരുടെ 26 ശതമാനം പേരും എത്തിയിട്ടുള്ളത്. അതായത് യഥാക്രമം 1.27 ദശലക്ഷം (14 ശതമാനം), 1.09 ദശലക്ഷം (12 ശതമാനം) പേർ. ഇതിൽ ദുബൈയിലേക്കുള്ള 1.89 ദശലക്ഷം സന്ദർശകരിൽ 20 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.