ദുബൈ: ജുമൈറ ബീച്ചിലെ 16 കി.മീറ്റർ സൈക്ലിങ് ട്രാക്ക് തുറന്നു. ദുബൈ വാട്ടർ കനാലിൽനിന്ന് തുടങ്ങി കിങ് സൽമാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ ട്രാക്ക്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞദിവസം ഇവിടെ സൈക്കിൾ ചവിട്ടി പരിശോധനക്ക് എത്തിയിരുന്നു. ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ട്രാക്ക് തുറന്നുകൊടുത്തത്. ദുബൈ വാട്ടർ കനാലിനു സമീപത്തെ ജുമൈറ സ്ട്രീറ്റിലുള്ള നിലവിലെ ട്രാക്കുമായി ബന്ധിപ്പിച്ചാണ് പുതിയ ട്രാക്ക് വരുന്നത്. ദുബൈ ഇന്‍റർനെറ്റ് സിറ്റിയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സാദ് സ്ട്രീറ്റിലേക്കാണ് ഇത് നീളുന്നത്. 520 കി.മീറ്റർ സൈക്ലിങ് ശൃംഖലയുടെ ഭാഗമാണ് പുതിയ ട്രാക്കും. ദുബൈയിലെ സുപ്രധാന ടൂറിസം മേഖലകളെ സ്പർശിച്ചാണ് ട്രാക്ക് കടന്നുപോകുന്നത്. സൺസെറ്റ് മാൾ, ഓപൺ ബീച്ച്, ദുബൈ സെയ്ലിങ് ക്ലബ്, കൈറ്റ് ബീച്ച്, ഉമ്മുസുഖീം പാർക്ക്, ബുർജുൽ അറബ് എന്നിവയുടെ പശ്ചാത്തലത്തിൽ സൈക്കിൾ ചവിട്ടാം. സൺസെറ്റ് ബാൾ, അൽ മനാറ മോസ്ക്, ഉമ്മുസുഖീം പാർക്ക് എന്നിവക്ക് സമീപം ഷെയർ ബൈക്ക് സേവനം ലഭിക്കും.
ഇവിടെനിന്ന് സൈക്കിളുകൾ വാടകക്കെടുക്കാം. മണിക്കൂറിൽ 20 കിലോമീറ്ററാണ് വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. കായിക, വിനോദ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്ന ദുബൈ സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ ട്രാക്കുകളെന്നും വികസന പദ്ധതികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മത്താർ അൽ തായർ പറഞ്ഞു. 2026 ഓടെ 276 കിലോമീറ്റർ കൂടി സൈക്ക്ൾ ട്രാക്ക് വികസിപ്പിക്കും. ഇതോടെ ട്രാക്കിെൻറ നീളം 739 കിലോമീറ്റർ ആയി ഉയരും. അമച്വർ സൈക്ക്ൾ ട്രാക്കുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റുള്ളവയിൽ 20 കിലോമീറ്ററുമാണ് പരമാവധി വേഗത നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പരിശീലനത്തിനായി നിർമിച്ചിരിക്കുന്ന സൈക്ലിങ് ട്രാക്കുകളിൽ വേഗപരിധി നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.