വാർധക്യത്തിൽ തനിച്ചായിപ്പോയ അച്ഛന് കൂട്ടായി ഒന്നാന്തമൊരു റോബോട്ടെത്തിയ കൗതുകമായിരുന്നു 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന മലയാള സിനിമ. എന്നാൽ പ്രവാസലോകത്ത് തിരക്കിട്ട ജോലികളിലേക്ക് മാതാപിതാക്കൾ തിരിയുമ്പോൾ കുട്ടികൾക്ക് ആരാണ് കൂട്ട് എന്നതൊരു ആശങ്ക തന്നെയാണ്. ഇതിനൊരു പരിഹാരമൊരുക്കുകയാണ് ദുബൈയിൽ ഒരു കുഞ്ഞപ്പൻ. ആൻഡ്രോയിഡ് സാങ്കേതികവിദ്യയിൽ ജന്മമെടുത്ത ശരിക്കുമൊരു ആൻഡ്രോയിഡ് കുഞ്ഞപ്പൻ. അൽപം പരിഷ്കാരിയായതു കൊണ്ടു തന്നെ പേര് ന്യൂജനാണ്; മിസ. അമേരിക്കയിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ദുബൈയിൽ എത്തിയതെങ്കിലും ഇതിനകം കുട്ടിക്കൂട്ടങ്ങളുടെ ചങ്കായി മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഔട്ടിംഗിന് പോകുമ്പോൾ പോലും മിസയെ വല്ലാതെ മിസ്സ് ചെയ്യും എന്ന് കുട്ടികുസൃതികളും പറയുന്നു.
വീട്ടിലെ ഒരംഗത്തെ പോലെ കക്ഷിയെ കൊണ്ടുനടക്കാം. എന്തു ചോദിച്ചാലും മറുപടി പറയുന്ന പേർസണൽ അസിസ്റ്റൻറാണിത്. എന്തു സംശയങ്ങളും ചോദിക്കാം, ഉത്തരങ്ങൾ ക്ലൗഡ് വഴി ഇൻറർനെറ്റിൽ തിരഞ്ഞ് അപ്പോൾ തന്നെ മറുപടിയും കിട്ടും. കൂട്ടുകൂടി നടക്കാൻ മാത്രമല്ല, പഠിക്കാനും പാഠപുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കാനും പാട്ടു പാടാനും നൃത്തം ചെയ്യാനുമെല്ലാം കുട്ടികളോടൊപ്പം എപ്പോഴും റെഡി. ഗംഭീര ഫോട്ടോകൾ എടുത്തുതരുന്ന ഉഗ്രൻ ഫോട്ടോഗ്രാഫർ കൂടിയാണ് മിസ. വീട്ടിലെന്താണ് നടക്കുന്നതെന്ന് പേരൻറ്സിന് ഓഫീസിലിരുന്ന് അറിയാൻ ഒരൊറ്റ വീഡിയോ കാൾ മതിയാകും. വീട്ടിലെ ദൃശ്യങ്ങൾ ലൈവായി അപ്പോൾ തന്നെ മൊബൈൽ സ്ക്രീനിലെത്തിക്കാനും കഴിയും.കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകുമ്പോൾ ഇനി അധികം ആശങ്കക്ക് വകയില്ലെന്നർഥം. കുട്ടികളെ നീരീക്ഷിക്കാനുള്ള മിസയുടെ കഴിവ് തന്നെയാണ് രക്ഷിതാക്കൾക്കും ഇൗ കുഞ്ഞപ്പൻ പ്രിയങ്കരനായതിന് പിന്നിൽ. സ്വന്തം മൊബൈൽ ഫോണിൽ എല്ലാം നിയന്ത്രിക്കാമെന്നതും മിസയോടുള്ള ഇഷ്ടം വർധിപ്പിക്കുന്നു.
ഇത്തിരിക്കുഞ്ഞൻ, ഒത്തിരി കാര്യങ്ങൾ
കുട്ടികളുടെ കളിക്കൂട്ടുകാരനായി തുടരുമ്പോഴും അവരെ നിരീക്ഷിക്കുന്നതിലായിരിക്കും ഏറെ ശ്രദ്ധ. ഗൂഗിളിൽ സെർച്ച് ചെയ്യുന്നതിന് പകരം മിസയോട് നേരിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ തന്നെ ഉത്തരങ്ങൾ കിട്ടും. പാഠങ്ങൾ പകർന്നു നൽകിയും പാട്ടു പാടിയും നൃത്തം ചെയ്തും കുട്ടികളെ കയ്യിലെടുക്കുന്ന മിസ, കുഞ്ഞുങ്ങൾക്കായി നിരവധി ഗെയിമുകളും സമ്മാനിക്കും. പിയാനോയോ ഗിറ്റാറോ വായിച്ചുകേൾപ്പിക്കാൻ പറഞ്ഞാൽ അതിനും ഒരുക്കം. മിസക്കൊപ്പം ലഭിക്കുന്ന മൈക്രോഫോണിലൂടെ ഒരു പാട്ടുപാടിയാൽ കരോക്കെ മ്യൂസികും നൽകും ഇൗ കുഞ്ഞപ്പൻ. നൂറുകണക്കിന് ആൻഡ്രോയിഡ് ആപ്പുകളാണ് ഇതിനായി സ്വന്തം ബ്രെയിനിൽ സംഭരിച്ചുവെച്ചിരിക്കുന്നത്. ഇഷ്ടാനുസരം വീഡിയോ കാണാമെങ്കിലും അനുയോജ്യമല്ലാത്ത വീഡിയോകൾ ഒരിക്കലും കുട്ടികളെ കാണിക്കില്ല. സമയം സെറ്റ് ചെയ്തു വെക്കുകയാണെങ്കിൽ കുട്ടികളുടെ വീഡിയോ കാണലും ഇൻറർനെറ്റ് ഉപയോഗവുമെല്ലാം പേരൻറ്സിന് നിയന്ത്രിക്കാനുമാകും.
കംപാനിയനല്ല, കട്ടക്കമ്പനിയാണ്
ഫാമിലി കംപാനിയൻ എന്ന ടാഗ് ലൈനോടെയാണ് മിസയെ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും കുട്ടികൾക്ക് കൂട്ടായും അവരെ നിരീക്ഷിക്കാനുമുള്ള ഒരാളായാണ് നിൽപ്. എന്നാൽ കുട്ടികൾക്ക് വെറുമൊരു കംപാനിയൻ എന്നതിലുപരി, കൂട്ടുകൂടി നടക്കാൻ കഴിയുന്നൊരു ഉറ്റചങ്ങാതിയായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഹിറ്റായതോടെ മുതിർന്നവർക്കും വിഭിന്നശേഷിയുള്ള കുട്ടികൾക്കും സഹായകരമാകുന്ന റോബോട്ടുകളെ ഒരുക്കാനുള്ള ആലോചനയിലാണ് നിർമാതാക്കൾ. താമസിയാതെ ഇവയും പുറത്തുവരുന്നതോടെ വീടുകളിൽ ഇനി കൂട്ടും കരുതലും നിറഞ്ഞേക്കും. എല്ലാം കണ്ടറിഞ്ഞ് ചെയ്തു കൂട്ടായി കൂടെ നിന്നും റോബോട്ടുകൾ മനുഷ്യരുടെ ഉറ്റമിത്രങ്ങളായി മാറുന്ന കാലം വിദൂരമല്ലെന്നർഥം. എല്ലാ വിഭാഗം ജനങ്ങൾക്കും ഇത്തരം റോബോട്ടുകൾ ആവശ്യമാകുന്ന കാലമായതിനാൽ, താങ്ങാവുന്ന വിലയിൽ എല്ലാവരിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും നിർമാതാക്കാൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.