ലോകകപ്പ് കാണാൻ ഖത്തർ ഹയ്യാ ഹയ്യാ പറഞ്ഞപ്പോഴും, ഖത്തറിലെ സുഹൃത്തുക്കൾ അവിടേക്ക് ക്ഷണിച്ചപ്പോഴും ആദ്യം വലിയ താൽപര്യം തോന്നിയിരുന്നില്ല. പക്ഷേ, അർജന്റീനക്കെതിരെ സൗദിയുടെ വിജയവും ഖത്തറിന്റെ സംഘാടന മികവും ആഘോഷവും ആരവങ്ങളുമെല്ലാം കണ്ടപ്പോൾ മനസ്സിൽ ലോകകപ്പ് മോഹം ഉദിച്ചു.
ചരിത്രം സൃഷ്ടിച്ച് മഹാമാമാങ്കം കൊടിയിറങ്ങുമ്പോൾ ആ ചിത്രത്തിന്റെ ഭാഗമാകാതിരിക്കുന്നതെങ്ങനെയെന്ന് ഞാനും ചിന്തിച്ചുതുടങ്ങി. ചരിത്രത്തിന്റെ വഴിത്താരയിൽ വെറുമൊരു കാഴ്ചക്കാരനാവരുതെന്നും അതിന്റെ ഭാഗമാകണമെന്നും മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും പാൽ എന്ന് പറയുന്നത് പോലെയായിരുന്നു സുഹൃത്തും ബന്ധുവുമായ നാദാപുരത്തുകാരൻ സുലൈമാന്റെ വിളി വരുന്നത്. 'സൗദിയും പോളണ്ടും തമ്മിലുള്ള കളിയുടെ ടിക്കറ്റ് ഉണ്ട്, വരുന്നോ?'
പിന്നെ ഒന്നു ആലോചിച്ചില്ല, ടിക്കറ്റെടുക്കാൻ പാസ്പോർട്ട് കോപ്പിയും ഫോട്ടോയും അയച്ചുകൊടുത്തു. ടിക്കറ്റ് മെയിൽ വഴി കിട്ടിയതിനുശേഷം ഹയ്യാ കാർഡിന് മൊബൈൽ ആപ് വഴി അപേക്ഷിച്ചു. പക്ഷേ, ആപ്ലിക്കേഷൻ പെൻറിങ്ങിൽ ഒരു ദിവസം കിടന്നപ്പോഴാണ് ഒരു കാര്യം പിടികിട്ടിയത്, താമസത്തിനുള്ള ഹോട്ടൽ ബുക്കിങ്ങിന്റെ രേഖയും അതിൽ അപ്ലോഡ് ചെയ്താൽ മാത്രമേ ഹയ്യാ കാർഡ് കിട്ടുകയുള്ളൂ.
അതും നൽകിയതോടെ ഒരുമണിക്കൂറിനുള്ളിൽ ഹയ്യാ കാർഡ് റെഡി. ഖത്തറിലേക്ക് പോകാൻ സൗദി അതിർത്തി കടക്കാനുള്ളതിനാൽ സൗദി വിസയും ഇൻഷുറൻസും എടുക്കണം. 100-150 ദിർഹമാണ് ഇതിന് വരുന്നത്. അപ്പോഴാണ് ഒരുവർഷത്തെ സൗദി മൾട്ടി എൻട്രി ഇ-വിസ ലഭിക്കുന്ന കാര്യം ഓർമവന്നത്.
450 ദിർഹം ചെലവഴിച്ച് ഇ-വിസ എടുത്താൽ അടുത്ത ഒരു വർഷത്തിനുള്ളിൽ പലതവണ സൗദിയിൽ പ്രവേശിക്കാൻ കഴിയും. 150 ദിർഹമിന് താൽക്കാലിക വിസ എടുക്കുന്നതിലും നല്ലത് 450 ദിർഹമിന്റെ ഇ-വിസ എടുക്കുന്നതാവും ഉചിതമെന്ന് തോന്നി. ഒരു വർഷത്തെ സൗദി വിസക്ക് അപേക്ഷിച്ച് അരമണിക്കൂറിനുള്ളിൽ വിസ ലഭിച്ചു. ഒരുവർഷത്തിനുള്ളിൽ സൗദി സന്ദർശനമോ ഉംറയോ ആലോചനയിലുള്ള ജി.സി.സിയിലെ താമസക്കാർ ഇ-വിസ എടുക്കുന്നതാവും ഉചിതം.
ശനിയാഴ്ചയായിരുന്നു കളി. വ്യാഴാഴ്ച രാത്രിയാണ് പോവാൻ ആലോചന തുടങ്ങിയത്. അതുകൊണ്ട് തന്നെ യാത്രാകാര്യങ്ങളിൽ കുറച്ചു ടെൻഷനടിക്കേണ്ടിവന്നു. സ്വന്തം വാഹനത്തിൽ പോകണമെങ്കിൽ കൂട്ടിന് ആളെ കിട്ടാനില്ല. വിമാനമാർഗം പോയാലോ എന്ന ആലോചനയിൽ ടിക്കറ്റ് അന്വേഷിച്ചപ്പോൾ സീറ്റ് ഇല്ല.
ഉള്ള വിമാനത്തിലാണെങ്കിൽ റേറ്റ് മൂന്നും നാലും ഇരട്ടി. ബസ് വഴി അന്വേഷണം നടത്തിയപ്പോൾ അതും കിട്ടാനില്ല. അന്വേഷണത്തിനൊടുവിൽ 450 ദിർഹമിന് ബസ് യാത്ര തരപ്പെട്ടു. പക്ഷേ, ദുബൈയിൽ എത്തിയപ്പോഴാണ് അറിയുന്നത് ബസ് കിട്ടാൻ വലിയ പ്രയാസമില്ലെന്ന്. ദുബൈ ഗോൾഡ് സൂക്ക് ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചക്ക് മൂന്നിനാണ് ബസ് എടുത്തത്.
അബൂദബി വഴി ഗുവൈഫാത്ത് വരെ കാഴ്ചകൾ കണ്ടായിരുന്നു യാത്ര. പ്രാർഥനക്കും ഭക്ഷണം കഴിക്കാനും നിർത്തിയുള്ള യാത്ര വളരെ ഹൃദ്യമായിരുന്നു. 8.30ന് യു.എ.ഇ സൗദി അതിർത്തിയിലെത്തി. 10 മിനിറ്റുകൊണ്ട് യു.എ.ഇ എമിഗ്രേഷനിൽനിന്ന് എക്സിറ്റ് അടിച്ചു. സൗദി എമിഗ്രേഷനിൽ അരമണിക്കൂറും കസ്റ്റംസ് ക്ലിയറൻസിന് ഏകദേശം ഒരു മണിക്കൂറും സമയം ചെലവഴിക്കേണ്ടിവന്നു.
അവിടെനിന്ന് ഒന്നരമണിക്കൂർ കൊണ്ട് സൗദിയുടെയും ഖത്തറിന്റെയും അതിർത്തിയായ സൽവയിൽ ബസിറങ്ങി. അപ്പോൾ ഏകദേശം 12 മണിയായിട്ടുണ്ടാവും. അവിടെനിന്ന് ഹയ്യാ കാർഡിന്റെ കോപ്പി കാണിച്ച് സൗദി എമിഗ്രേഷൻ കൗണ്ടറിലേക്ക് ബസ് കയറി. വീണ്ടും സൗദി എക്സിറ്റ് അടിച്ചു. ഖത്തർ അതിർത്തിയിലേക്ക് അതേ ബസ് നമ്മെ സൗജന്യമായി എത്തിക്കും. ഖത്തറിലെ എമിഗ്രേഷൻ പെട്ടെന്ന് കഴിഞ്ഞു. ഏകദേശം പുലർച്ച രണ്ടുമണിയോടെയാണ് ദോഹയിൽ എത്തിയത്.
കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ പരിശോധനകൾ ഉണ്ടെങ്കിലും ഒരു ബുദ്ധിമുട്ടും അറിയാത്ത തരത്തിലാണ് നടത്തുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. നേരേ വീണ്ടും ബസിലേക്ക്. ആ ബസും സൗജന്യമായി നമ്മെ ദോഹയിൽ എത്തിക്കും. മനസ്സിൽ കരുതിയതിലും എത്രയോ എളുപ്പവും രസകരവുമായിരുന്നു ഖത്തറിലേക്കുള്ള ബസ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.