അബൂദബി: യു.എ.ഇയുടെ അഭിമാനമായ ബഹിരാകാശ യാത്രികൻ സുൽത്താൽ അൽ നിയാദിക്ക് അപ്രതീക്ഷിതമായിരുന്നു ആ അതിഥി. ലൂവർ അബൂദബിയിലെ ‘എ കാൾ ഫ്രം സ്പേസ്’ പരിപാടിയിൽ ബഹിരാകാശത്തുനിന്ന് തത്സമയം ചേരുമ്പോൾ കൺമുന്നിൽ പിതാവുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.
മകൻ അറബ് ലോകത്തിന്റെ മുഴുവൻ അഭിമാനമായി വളർന്നതിൽ സന്തോഷത്താൽ കൺനിറഞ്ഞായിരുന്നു സൈഫ് അൽ നിയാദി എന്ന ആ മുൻ പട്ടാളക്കാരൻ സദസ്സിൽ ഇരുന്നത്. എല്ലാവരും ആ പിതാവിന്റെ വാക്കുകൾക്കായിരുന്നു കാതോർത്തത്. വാത്സല്യം തുളുമ്പിയ വാക്കുകളിൽ ‘സുൽത്താൻ, ഞാനേറെ സന്തോഷിക്കുന്നു നിന്റെ നേട്ടത്തിൽ’ എന്നു പറഞ്ഞാണ് സൈഫ് അൽ നിയാദി സംസാരിച്ചു തുടങ്ങിയത്. നിന്റെ കുടുംബം ഒന്നടങ്കം നേട്ടങ്ങളിൽ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.
തലയുയർത്തിപ്പിടിച്ച്, നമ്മുടെ രാജ്യത്തിന്റെ പതാക ഉയരങ്ങളിലെത്തിച്ച് നീ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി പ്രാർഥിക്കുകയാണ് ഞങ്ങൾ -അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കാനുള്ള അവസരമായിരുന്നിട്ടും പിതാവ് ആശംസകൾ പറഞ്ഞും പ്രാർഥിച്ചും വാക്കുകൾ അവസാനിപ്പിച്ചു.മറുപടി പറഞ്ഞ് സംസാരിച്ച സുൽത്താൻ മനോഹരമായ സർപ്രൈസാണിന്ന് തനിക്ക് ലഭിച്ചതെന്ന് പറഞ്ഞു. പിതാവും കുടുംബവും ആയുരാരോഗ്യത്തോടെയിരിക്കാൻ പ്രാർഥിച്ചാണ് സംസാരം അവസാനിപ്പിച്ചത്. യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അടക്കം പ്രമുഖരും ലൂവർ അബൂദബിയിലെ സദസ്സിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.