വിനോദത്തോടൊപ്പം അറിവും പഠനവും സമന്വയിപ്പിക്കുന്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് അൽ ഐൻ മൃഗശാലയിലെ ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം. സംവേദനാത്മക പ്രദർശനങ്ങൾ, മൾട്ടിമീഡിയ, ലോകോത്തര വിദഗ്ദരും സ്പെഷ്യലിസ്റ്റുകളും ഈ കേന്ദ്രത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പ്രത്യേക പ്രദർശനങ്ങൾ എന്നിവയിലൂടെ അറിവും പഠനവും പ്രദാനം ചെയ്യുന്നു. സന്ദർശകർക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നതോടൊപ്പം ഇമാറാത്തിെൻറ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും യഥാർത്ഥ ചിത്രം നൽകുകയും ചെയ്യുന്നു ഈ കേന്ദ്രം.
അതിനായി വർഷങ്ങളായി പരിശീലനം ലഭിച്ച യു.എ.ഇ സാംസ്കാരിക ഗൈഡുകളുണ്ട് ഇവിടെ. കേന്ദ്രത്തിൽ അഞ്ച് ഗാലറികൾ ഉൾപ്പെടുന്നുണ്ട്. ശൈഖ് സായിദ് ട്രിബ്യൂട്ട് ഹാൾ, അബുദാബി ഡിസേർട് ഓവർ ടൈം, അബുദാബിയുടെ ജീവിത ലോകം, മരുഭൂമിയിലെ ജനങ്ങൾ - ഭാവിയിലേക്ക് ഉറ്റുനോക്കുന്നത് എന്നിവയാണത്. ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കും കഥകളിലൂടെയും സിനിമകളിലൂടെയും സന്ദർശകരെകൊണ്ടുപോകുന്നതിനൊപ്പം പരിസ്ഥിതിയുമായുള്ള ബന്ധം പുനപരിശോധിക്കാനും കൂടുതൽ സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കാനും അവരെ പ്രേരിപ്പിക്കുന്നുണ്ട് ഈ ഗാലറികൾ.
പ്രകൃതിയെയും അതിെൻറ ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിെൻറ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ അൽ ഐൻ മൃഗശാല നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. പ്രതിവർഷം 1,200 വിദ്യാർഥികൾക്ക് പ്രയോജനകരമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്. കൂടാതെ 45,000 സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ പരിപാടികളും നടത്തിവരുന്നു. പാരിസ്ഥിതിയുമായി ബന്ധപ്പെട്ട 11,000 ഓളം പുസ്‌തകങ്ങളും ഗവേഷകർക്ക് സഹായകമാവും വിധം ബൃഹത്തായ സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സഫാരിയായ 'അൽ ഐൻ ആഫ്രിക്കൻ സഫാരി', ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം എന്നിവ അബുദാബിയുടെ പാരിസ്ഥിതി, പൈതൃകം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവുകൾ സമ്മാനിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിൻറെ പ്രാധാന്യം എടുത്തുകാട്ടിയാണ് അൽഐൻ മൃഗശാല സ്ഥാപിച്ചത് മുതൽ പ്രവർത്തിക്കുന്നത്. അബുദാബി നഗര ആസൂത്രണ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപകൽപനയിലും നിർമാണ ഘട്ടത്തിലും പ്രയോഗിച്ചതിന് ഔദ്യോഗികമായ അംഗീകാരമായ ഫൈവ് പേൾ റേറ്റിംഗ് നേടിയ യു.എ.ഇയിലെ ആദ്യത്തെ കെട്ടിടമാണ് ശൈഖ് സായിദ് മരുഭൂമി പഠന കേന്ദ്രം. കേന്ദ്രത്തിന് ലീഡ്(LEED)പ്ലാറ്റിനം സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.