ദുബൈ: മൈക്രോസോഫ്റ്റ് എക്സലിൽ മികച്ച പരിശീലനം ലഭിച്ചവർ ദുബൈയിൽ ഒത്തുകൂടി. 2022ലെ മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂബ്ൾ പ്രഫഷനൽ അവാർഡ് ജേതാവായ കോഴിക്കോട്ടുകാരനായ മുഹമ്മദ് അൽഫാന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ നടന്നത്. ട്രെയിനിങ് ഓൺലൈനായും ഓഫ്ലൈനായും വിജയകരമായി പൂർത്തിയാക്കിയവരാണ് കൂട്ടായ്മയിലുള്ളത്. പ്രവാസികൾക്ക് ജോലിസംബന്ധമായ സംശയങ്ങളുണ്ടാവുമ്പോൾ സഹായ ഹസ്തമാവുകയാണ് എക്സൽ കമ്യൂണിറ്റി യു.എ.ഇ ലക്ഷ്യമിടുന്നത്. എക്സൽ കൂടുതൽ പഠിക്കുന്നതിലൂടെ കൂടുതൽ ആത്മവിശ്വാസം നേടാനാവും എന്നതാണ് പുതുതായി ജോലി അന്വേഷിക്കുന്ന ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. കോളജ് വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വീട്ടമ്മമാർ എന്നിങ്ങനെ ഇരുന്നൂറിലധികം അംഗങ്ങളുള്ള കൂട്ടായ്മക്ക് ആവേശകരമായ സ്വീകരണമാണ് യു.എ.ഇയിൽ ലഭിച്ചത്. യു.എ.ഇക്ക് പുറമെ മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും കൂട്ടായ്മ വ്യാപിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ് അൽഫാൻ.
വ്യത്യസ്ത സ്ഥാപനങ്ങളിൽ ഫിനാൻഷ്യൽ അനലിസ്റ്റായി വർക്ക് ചെയ്തിട്ടുള്ള മുഹമ്മദ് അൽഫാൻ തന്റെ ജോലി ആവശ്യങ്ങൾക്കുവേണ്ടി മൈക്രോസോഫ്റ്റ് എക്സൽ ഉപയോഗപ്പെടുത്തിത്തുടങ്ങിയപ്പോഴാണ് അതിന്റെ അനന്തസാധ്യതകളെപ്പറ്റി മനസ്സിലാക്കിയത്. പിന്നീട് ജോലി രാജിവെച്ച് എക്സൽ ക്ലാസുകൾ നടത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനുശേഷം രണ്ട് യൂട്യൂബ് ചാനലുകളും റോസ് ആൻഡ് കോളംസ് ഡോട്ട് കോം എന്ന ഒരു വെബ്സൈറ്റും എക്സൽ സാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബി.ബി.എ വിദ്യാർഥികൾ പഠിക്കുന്ന ഡേറ്റ അനലിറ്റിക്സ് എന്ന പുസ്തകം എഴുതിയതും മുഹമ്മദ് അൽഫാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.