ദുബൈ: കുട്ടികൾക്ക് എന്നും പൊലീസ് കൗതുകവും ആദരവും നിറഞ്ഞ വിഭാഗമാണ്. കുട്ടിക്കാലത്ത് പൊലീസ് വേഷം ധരിക്കാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, ആഗ്രഹം സഫലമാകുന്നവർ വളരെ കുറവായിരിക്കും. സെർബിയക്കാരായ രണ്ട് സഹോദരങ്ങൾക്ക് ഈ സ്വപ്നം സാക്ഷാത്കരിച്ചത് ദുബൈയിലാണ്.
സമൂഹത്തിന് സന്തോഷം പകരുന്ന നിരവധി പദ്ധതികൾ നടപ്പാക്കുന്ന ദുബൈ പൊലീസ്, കുട്ടികളുടെ മനസ്സറിഞ്ഞ് അവർക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയിലാണ് ഇവർക്കിതിന് വഴിതുറന്നത്. ദുബൈ പൊലീസ് കമ്യൂണിറ്റി ഹാപ്പിനസ് വകുപ്പ് വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് സന്ദർശനത്തിന് യു.എ.ഇയിലെത്തിയ 10ഉം 9ഉം വയസ്സുള്ള നികോളക്കും നതാലിയക്കും പൊലീസ് വേഷം ധരിച്ച് ആഡംബര വാഹനത്തിൽ സഞ്ചരിക്കാൻ അവസരമൊരുക്കിയത്.
ഇവരുടെ മാതാപിതാക്കളും യാത്രയിൽ അനുഗമിച്ചു. പൊലീസ് വാഹനത്തിലെ യാത്രക്ക് പുറമെ, പൊലീസ് ഡോഗ് ഷോ ആസ്വദിക്കാനും പൊലീസ് മസ്കോട്ട് ‘അംന’യോടൊപ്പം കളിക്കാനും അവസരമൊരുക്കിയിരുന്നു. കുട്ടികളുടെ ആഗ്രഹം സഫലമാക്കാനും സന്തോഷം പകരാനും സന്നദ്ധരായ ദുബൈ പൊലീസിന് നന്ദിയുണ്ടെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.