അബൂദബി: തകര ഷീറ്റുകൾകൊണ്ട് മറച്ച നാല് ചുവരുകൾക്ക് നടുവിലാണ് അവരുടെ താമസം. ടാർപോളയും തുണികളും കാർഡ്ബോർഡുമെല്ലാം അലസമായി വലിച്ചുകെട്ടിയുണ്ടാക്കിയ മേൽക്കൂരകളിലേക്ക് നോക്കിയാൽ ആകാശവും ഭൂമിയുമെല്ലാം കാണാം. ഇരുമ്പു കമ്പികൾക്ക് മുകളിൽ തടിപ്പലകകൾ ചേർത്തുവെച്ചുണ്ടാക്കിയ ‘മാളത്തിൽ’കീറിപ്പറിഞ്ഞ ബെഡുകളിലാണ് ഉറക്കവും വിശ്രമവുമെല്ലാം. ഉസ്ബയെന്നാണ് ഈ താമസ സ്ഥലങ്ങളുടെ വിളിപ്പേര്. ചുട്ടുപൊള്ളുന്ന വെയിലിലും കൊടുംതണുപ്പിലുമെല്ലാം ഈ കുടിലിനുള്ളിൽ അവർ ചുരുണ്ടുകൂടും. വൈദ്യുതിയോ എയർ കണ്ടീഷനറോ മൊബൈൽ ഫോണോ ഇല്ല. പുറംലോകം കണ്ടിട്ട് മാസങ്ങളായി. ഏതെങ്കിലുമൊരു വാഹനത്തിന്റെ ഹോൺ മുഴക്കം കേൾക്കുമ്പോൾ ഉസ്ബകളിൽനിന്ന് അവർ പുറത്തുവരും.
വെയിലേറ്റ് കരിവാളിച്ച ആ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കാണാം. ഈ പ്രതീക്ഷകൾക്ക് നിറം പകരാനാണ് റഹ്ബ ഡസർട്ട് എന്ന സംഘം ഓരോ മൂന്നുമാസം കൂടുമ്പോഴും ഉൾമരുഭൂമിയിലേക്ക് വണ്ടിയോടിക്കുന്നത്. ഈ റമദാനിലും കാരുണ്യത്തിന്റെ കൈകളുമായി റഹ്ബ ഡസർട്ട് ടീം മസറകളിലെത്തി, ഒപ്പം ‘ഗൾഫ് മാധ്യമ’വും. അബൂദബി ശൈഖ് മുഹമ്മദ് ബിൻ റാശിദ് റോഡിൽ നിന്ന് 60 കിലോമീറ്റർ ഉൾമരുഭൂമിയിലേക്കാണ് ദുരിത ജീവിതങ്ങളെ തേടി ഈ സംഘം യാത്ര ചെയ്യുന്നത്. ഒട്ടകങ്ങളെ മേയ്ക്കുന്ന മസറകളും തൊഴിലാളി ക്യാമ്പുകളും തമ്പുകളുമാണ് ഇവരുടെ ലക്ഷ്യം. 15 വാഹനങ്ങളിലായി 30ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. പലരും പരസ്പരം അറിയാത്തവർ.
കരുണവറ്റാത്തവർ നൽകിയ സംഭാവനകൾ സ്വരുക്കൂട്ടി 35 കിലോയുടെ നൂറോളം കിറ്റുകളാണ് തയാറാക്കിയിരുന്നത്. മരുഭൂമിയിലേക്ക് കയറുന്നതിന് മുമ്പ് സംഘം നാല് വഴിക്ക് പിരിയും. ഓരോ സംഘത്തിനും ഓരോ വഴികൾ നിശ്ചയിച്ച് നൽകും. പിന്നീട് മണൽപരപ്പിലൂടെയുള്ള യാത്രയാണ്. അങ്ങകലെ ചെറിയൊരു കുടിൽ കണ്ടാൽ അവിടേക്ക് പായും. മരുഭൂമിയിലെ കുന്നും കുഴിയും താണ്ടിയുള്ള സാഹസിക യാത്ര. ഉസ്ബകൾ എന്ന് വിളിപ്പേരുള്ള ഈ കുടിലുകളുടെ മുമ്പിലെത്തിയാൽ ഹോൺ മുഴക്കും. ചിലപ്പോൾ ആരുമുണ്ടാവില്ല, ആടുമേക്കാൻ എവിടേക്കെങ്കിലും പോയതാകാം. ഭൂരിപക്ഷം ഉസ്ബകളിലും ആരെങ്കിലുമുണ്ടാകും. കാറിന്റെ ഹോൺ മുഴക്കം കേൾക്കുമ്പോൾ ഇറങ്ങിവരും. വെയിലേറ്റ് കരിവാളിച്ച അവരുടെ കണ്ണുകളിൽ സന്തോഷവും സങ്കടവുമെല്ലാം ഒരേസമയം മിന്നിമായും. ഭക്ഷണം കണ്ടിട്ടല്ല, മനുഷ്യരെ കണ്ടിട്ടാണ് അവർ സന്തോഷിക്കുന്നതെന്ന് റഹ്ബ ഡസർട്ട് സംഘത്തിന്റെ തലവൻ അലി മുഹമ്മദ് എന്ന അലിക്ക പറയുന്നു. ‘17 വർഷം മുമ്പ് തുടങ്ങിയ യാത്രയാണിത്.
അന്ന് കണ്ട പല മുഖങ്ങളും ഇപ്പോഴും കാണാറുണ്ട്. ഓരോ വർഷവും പുതിയ മുഖങ്ങളും വരുന്നു. മലയാളികൾ വിരളമാണ്. ഞങ്ങളെ കാണുമ്പോഴുള്ള അവരുടെ സന്തോഷം കാണുമ്പോഴാണ് നമ്മുടെ ഹൃദയം നിറയുന്നത്. ഭക്ഷണം തേടിയല്ല അവർ ഓടിവരുന്നത്. ഞങ്ങളോട് സംസാരിക്കാൻ വേണ്ടിയാണ്’-അലിക്ക പറയുന്നു. കണ്ണെത്താ ദൂരത്തേക്ക് നോക്കിയിരിക്കുമ്പോഴും ഇവരുടെ കണ്ണുകളിൽ പ്രത്യാശയുടെ നേരിയ കണികയെങ്കിലും ബാക്കിനിൽക്കുന്നത് ഇതുപോലുള്ള മനുഷ്യർ തേടിവരുമെന്ന പ്രതീക്ഷകൊണ്ടാവാം. ഒരു ഉസ്ബ കഴിഞ്ഞാൽ കിലോമീറ്ററുകൾ അപ്പുറത്താണ് മറ്റൊന്ന്. ഇവർ തമ്മിൽ പരസ്പരം കാണുന്നതുതന്നെ അപൂർവം. ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് കൂടുതലും. രണ്ടു വർഷമായി മരുഭൂമിക്ക് പുറത്തൊരു ലോകം പോലും കാണാത്തവരുണ്ട്.
ഫാം ഉടമകൾ എത്തിച്ച് നൽകുന്ന ഭക്ഷണവും സുമനസ്സുകളുടെ സഹായവുമാണ് ഇവരുടെ ആശ്രയം. ചില സ്ഥലങ്ങളിൽ സോളാർ വഴി വൈദ്യുതിയെത്തുന്നുണ്ട്. മൊബൈലിന് റേഞ്ചുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്ത ഇടങ്ങളിൽ മൊബൈൽ ചാർജ് ചെയ്യാൻ കഴിയില്ല. വെള്ളം കൊടുക്കാൻ വരുന്ന ടാങ്കറുകളിലാണ് പലപ്പോഴും ഫോൺ ചാർജ് ചെയ്യുന്നത്. 17 വർഷം മുമ്പാണ് ടീം റഹ്ബ ഡസർട്ട് ഇവരെ തേടിയുള്ള യാത്രക്ക് തുടക്കമിട്ടത്. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇങ്ങനൊരു യാത്രയുണ്ടാകും. നിഷാജ് ഷാഹുൽഹമീദ്, സുഹൈൽ വി.പി തുടങ്ങിയവരും സംഘത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കോവിഡ് കാലത്ത് അത് മുടങ്ങി. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ ആടുകൾക്കും ഒട്ടകങ്ങൾക്കും നടുവിൽ താമസിക്കുന്ന ഈ മനുഷ്യരെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും അവരിലേക്ക് ഭക്ഷണമെത്തിക്കാനുമുള്ള ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. ‘നമ്മളെത്ര ഭാഗ്യവാന്മാർ’എന്ന് മനസ്സിൽ കുറിച്ചിട്ടാണ് റഹ്ബ ടീമിലെ ഓരോ മനുഷ്യനും ആ മണൽപരപ്പിൽനിന്ന് തിരിച്ചുനടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.