അജ്മാൻ: ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ഓർമപ്പെടുത്തി അജ്മാൻ പൊലീസ്. ‘നിങ്ങളുടെ ആർജവം അർഥമാക്കുന്നത് സുരക്ഷയാണ്’ എന്ന ട്രാഫിക് സുരക്ഷ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് സമൂഹ മാധ്യമ പോസ്റ്റിലൂടെ പൊലീസിന്റെ ഓർമപ്പെടുത്തൽ.
ലൈനുകളിൽ അച്ചടക്കം പാലിക്കണമെന്നും പെട്ടെന്നുള്ള ലൈൻ മാറ്റം അപകടം വരുത്തിവെക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ കൂടാതെ ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റും രേഖപ്പെടുത്തും.
പെട്ടെന്നുള്ള ലൈൻ മാറ്റവും സ്ഥിരമായുള്ള വാഹന പരിശോധനയിൽ വീഴ്ച വരുത്തുന്നതുമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. ലൈനുകൾ മാറ്റുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിക്കുകയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണമെന്നും പൊലീസ് അഭ്യർഥിച്ചു.
യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 352 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച് അപകട മരണങ്ങളിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം അജ്മാനിൽ മാത്രം 11 മരണങ്ങളാണ് റോഡിൽ സംഭവിച്ചത്. 133 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.