ദുബൈ: മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വില പരിധിയിൽ കൂടുതൽ വർധിപ്പിച്ചാൽ രണ്ടു ലക്ഷം ദിർഹം വരെ പിഴ അടക്കേണ്ടിവരുമെന്ന് ദുബൈ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 13 ശതമാനം വില വർധിപ്പിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, യു.എ.ഇയിലെ ഒമ്പത് ഉൽപാദകർ വിതരണം ചെയ്യുന്ന സാധനങ്ങൾക്കു മാത്രമേ തീരുമാനം ബാധകമാകൂവെന്നും ആറു മാസത്തിനുശേഷം അവലോകനം ചെയ്യുമെന്നും പിന്നീട് അറിയിച്ചിരുന്നു. ഈ നിർദേശങ്ങൾ പാലിക്കാതെ വില വർധിപ്പിക്കുന്നവർക്കെതിരെയാണ് നടപടി.
നിയമലംഘകർക്ക് ആദ്യം 10,000 ദിർഹവും ആവർത്തിച്ചാൽ രണ്ടു ലക്ഷം ദിർഹവുമാണ് പിഴയിടുക. അടുത്തിടെ നടന്ന പരിശോധനയിൽ അനധികൃത വിലവർധന കണ്ടെത്തിയതിനെ തുടർന്ന് ചില സ്ഥാപനങ്ങൾക്ക് പിഴയിട്ടിരുന്നു. 300ഓളം പരിശോധനകളാണ് സാമ്പത്തികകാര്യ മന്ത്രാലയം നടത്തിയത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 8001222 എന്ന നമ്പറിൽ വിവരം അറിയിക്കണം. അവശ്യസാധനങ്ങളുടെ വിലവർധിപ്പിക്കാൻ സർക്കാറിന് ലക്ഷ്യമില്ലെന്നും നീതീകരിക്കാത്ത വിലക്കയറ്റം ഒഴിവാക്കാനും കർഷകർക്ക് ന്യായവില ലഭ്യമാക്കാനുമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും സാമ്പത്തികകാര്യ മന്ത്രാലയം മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് സെക്ടർ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.