ദുബൈ: പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ് മാധ്യമ'വുമായി അടുത്ത ബന്ധമാണ് അറ്റ്ലസ് രാമചന്ദ്രൻ പുലർത്തിയിരുന്നത്. 'ഗൾഫ് മാധ്യമ'ത്തിന്റെ സ്ഥിരം വരിക്കാരനായിരുന്ന അദ്ദേഹം, 'കമോൺ കേരള' ഉൾപ്പെടെയുള്ള വേദികളിലും അതിഥിയായി എത്തി. ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിലാണ് അദ്ദേഹത്തിന്റെ അവസാന അഭിമുഖം അച്ചടിമഷി പതിഞ്ഞത്.
ജയിലിലായിരുന്ന സമയത്തും അദ്ദേഹം പത്രം അവിടെ ലഭ്യമാക്കാൻ ആവശ്യമായ സജ്ജീകരണം ചെയ്തിരുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ''ഏറെ മനോവിഷമങ്ങളിലൂടെ കടന്നുപോയ ദിനങ്ങളായിരുന്നു അത്. അവിടെ പ്രത്യേകിച്ച് ഓണാഘാഷങ്ങളുണ്ടായിരുന്നില്ല. 'ഗൾഫ് മാധ്യമം' പോലുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു ഓണദിനങ്ങളിൽ ആശ്വാസം പകർന്നത്.
ഓണവിശേഷങ്ങൾ അറിഞ്ഞത് അതിലൂടെയാണ്. 'ഗൾഫ് മാധ്യമ'ത്തിന്റെ പ്രത്യേക ഓണപ്പതിപ്പും ലഭിച്ചിരുന്നു. ഇതുവഴി പഴയകാല ഓർമകളിലേക്ക് യാത്രചെയ്തു. മറ്റൊരു ആശ്രയം റേഡിയോ ആയിരുന്നു. ധാരാളം പുസ്തകം വായിക്കാനും അറിവ് സമ്പാദിക്കാനും സമയം കിട്ടി. നല്ല ലൈബ്രറികൾ അവിടെയുണ്ട്''.
കമോൺ കേരള 2020 സീസണിൽ സസ്പെൻസ് അതിഥിയായാണ് അദ്ദേഹം വേദിയിലെത്തിയത്. അദ്ദേഹം നിർമിച്ച 'സുകൃതം' സിനിമയിലെ 'കടലിന്നഗാധമാം...' ഗാനത്തിന്റെ അകമ്പടിയോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. ആ ചിത്രത്തിലെ നായിക ശാന്തികൃഷ്ണയായിരുന്നു അന്ന് 'സുവർണ നായികമാർ' എന്ന പരിപാടിയിലെ മുഖ്യാതിഥികളിൽ ഒരാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.