ഷാർജ: പാചകമായാലും വാചകമായാലും രാജ് കലേഷ് പ്രോയാണ്. ആരെയും വീഴ്ത്തുന്ന വാചകവുമായി കളംനിറയുന്ന കല്ലുവിനൊപ്പം മാസ്റ്റർ ഷെഫ് സുരേഷ് പിള്ളകൂടി ചേരുമ്പോൾ ‘ഗൾഫ് മാധ്യമം കമോൺ കേരള’ നഗരിയിൽ രുചിപ്രേമികളുടെ ആഗോള സമ്മേളനം നടക്കും.
പാചക, ഭക്ഷണപ്രേമികളെ കാത്ത് മൂന്നു പരിപാടികളാണ് കമോൺ കേരളയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പാചകത്തിലെ പുത്തനറിവുകൾ സ്വന്തമാക്കാൻ ഷെഫ് മാസ്റ്റർ, മത്സരിച്ച് സമ്മാനം നേടാൻ ഡസർട്ട് മാസ്റ്റർ, ഇന്ത്യൻ സ്വാദുകൾ തൊട്ടറിയാൻ ടേസ്റ്റി ഇന്ത്യ എന്നിവ ഭക്ഷണപ്രേമികൾക്ക് രുചിയുടെ വലിയപെരുന്നാൾ തീർക്കും.
ഏറ്റവും ആകർഷകമായത് ഷെഫ് പിള്ളയുടെ മാസ്റ്റർ ഷെഫ് പരിപാടിയായിരിക്കും. പാചകവുമായി ബന്ധപ്പെട്ട എന്തു സംശയമുണ്ടെങ്കിലും ഷെഫ് പിള്ളയോട് ചോദിക്കാം. ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായാണ് പിള്ള കമോൺ കേരളയിലെത്തുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ ഫിഷ് നിർവാണ നേരിട്ടാസ്വദിക്കാം.
ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ ഷെഫിൽനിന്ന് കേട്ടറിയാം. ഫുഡ് വ്ലോഗർ ബാസിമും പിള്ളക്കൊപ്പമുണ്ടാകും.
മറ്റൊരു ആകർഷണമാണ് ടേസ്റ്റി ഇന്ത്യ. കേരളത്തിലെ തട്ടുകടകളിലെ ഭക്ഷണം മുതൽ ഉത്തരേന്ത്യൻ തെരുവോരങ്ങളിലെ രുചിവൈവിധ്യങ്ങൾ വരെ പരിചയപ്പെടാനും രുചിച്ചുനോക്കാനുമുള്ള വലിയൊരു ലോകമാണ് ടേസ്റ്റി ഇന്ത്യൻ വേദി. വ്യത്യസ്ത വിഭവങ്ങളുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ സ്റ്റാളുകൾ അണിനിരക്കും. ഇത് ആസ്വദിക്കാൻ ഭക്ഷണപ്രേമികളും ഒഴുകിയെത്തും. ടേസ്റ്റി ഇന്ത്യയുടെ നാലു ദിക്കിലും 40 തരം ഭക്ഷണരീതികളുണ്ടാവും.
ഉത്സവാന്തരീക്ഷത്തിലാണ് ടേസ്റ്റി ഇന്ത്യൻ വേദിയൊരുക്കുന്നത്. ഇവിടെ വിവിധ പരിപാടികളുമായി കല്ലുവും മാത്തുവുമുണ്ടാകും.
യു.എ.ഇയിലെ പാചകറാണിയെ കണ്ടെത്തുന്ന മത്സരമാണ് ഡസർട്ട് മാസ്റ്റർ. ഇതിനകം നൂറുകണക്കിനാളുകളാണ് ഡസർട്ട് മാസ്റ്ററിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ നല്ലൊരു ശതമാനവും വനിതകളാണ്. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും കമോൺ കേരള വേദിയിലെ കലാശപ്പോരിൽ മാറ്റുരക്കാൻ അവസരം ലഭിക്കുക. ഈ മത്സരം കാണാനും ആസ്വദിക്കാനും രുചിക്കാനും നിരവധി പേർ ഇവിടെയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.