അബൂദബി: സുസ്ഥിരമായ വ്യവസായ മേഖല കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് പ്ലാസ്റ്റിക് പുനരുപയോഗത്തിനായി അബൂദബിയിൽ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് റീസൈക്ലിങ് കേന്ദ്രം സ്ഥാപിക്കും. ഇതുസംബന്ധിച്ച ധാരണപത്രം അബൂദബി സുസ്ഥിരവാരത്തില് ഒപ്പുവെച്ചു. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തിനായി കഴിഞ്ഞ ദിവസം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റീസൈക്ലിങ് കേന്ദ്രം സ്ഥാപിച്ചത്.
പദ്ധതിയുടെ ഭാഗമായി വര്‍ഷത്തില്‍ 12,000 ടണ്‍ പോളിത്തിലീന് ടെറഫ്തലേറ്റ് (ഭക്ഷണ വസ്തുക്കള്‍ പൊതിയുന്ന പ്ലാസ്റ്റിക്) അബൂദബിക്കായി പുറത്തിറക്കും. പ്ലാസ്റ്റിക് മലിനീകരണം കുറക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പ്ലാന്റ് നിര്‍മിക്കുന്നത്. അബൂദബിയില്‍ 40,000 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ഈ കേന്ദ്രത്തില്‍ നൂറിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിലയം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ 18,000 മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റിപീറ്റ്, ബി.ഇ.ഇ.എച്ച് ഗ്രൂപ്, അഗ്തിയ എന്നിവയാണ് സ്ഥാപനത്തിനുള്ള സാധ്യത പഠനം നടത്തുന്നതിനുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. യു.എ.ഇ ഇന്‍ഡിപെന്‍ഡന്റ് ക്ലൈമറ്റ് ചേഞ്ച് ആക്സിലറേറ്റേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശൈഖ ഷമ്മ ബിന്ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ ആല് നഹ്യാന്, വ്യവസായ മന്ത്രി ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍, കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മറിയം ബിന്ത് മുഹമ്മദ് അല്മഹീരി എന്നിവര്‍ പങ്കെടുത്തു.
യു.എ.ഇ വ്യവസായ മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങൾ റിസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ മാത്രമേ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം നിബന്ധന പുറപ്പെടുവിച്ചിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്ന സ്ഥാപനങ്ങളും സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.