ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന മേഖല നിർമിക്കാൻ പദ്ധതി തയാറാക്കുന്നതായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ‘ദുബൈ ഓട്ടോണമസ് ട്രാൻസ്പോർട്ട് സോൺ’ എന്ന പേരിലാണ് പ്രത്യേക മേഖല രൂപവത്കരിക്കുക. അടുത്തവർഷം നടക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങളുടെ മത്സരം ഇത്തരമൊരു മേഖല നിർമിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കും.
ആർ.ടി.എ ചെയർമാൻ മതാർ അൽ തായറാണ് അടുത്തവർഷം നടക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങളുടെ മത്സരത്തിന്റെ ആശയം പ്രഖ്യാപിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങൾ മാത്രം ഓടുന്ന ലോകത്തെ ആദ്യ മാതൃകാനഗരം ഒരുക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
ഡ്രൈവറില്ലാതെ ഓടുന്ന ഡെലിവറി റോബോട്ടുകൾ മുതൽ ഡ്രൈവറില്ലാത്ത വിവിധ തരം ലൈറ്റ് വാഹനങ്ങൾ വരെയുള്ളവ മാത്രമായിരിക്കും ‘ദുബൈ ഓട്ടോണമസ് ട്രാൻസ്പോർട്ട് സോണി’ലെ നിരത്തിലിറങ്ങുക. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ രണ്ടുദിവസം നീണ്ട ഈവർഷത്തെ സമ്മേളനം സമാപിക്കുന്നതിന് മുന്നോടിയായി ആർ.ടി.എ മൂന്നു ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു.
ദുബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാത്ത യാത്രാബസുകൾ ഓടിക്കാനാണ് രണ്ടു ധാരണപത്രങ്ങൾ ഒപ്പിട്ടത്. ഡ്രൈവറില്ലാ ബസുകൾക്കായി നടത്തിയ മത്സരത്തിൽ ഒന്നാമതെത്തിയ ചൈനയുടെ കിങ് ലോങ്, രണ്ടാമതെത്തിയ ഈജിപ്തിലെ ബ്രൈറ്റ് ഡ്രൈവ് എന്നിവയുമായാണ് കരാർ.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതവികസനത്തിന് എസ്.എ.ഇ ഇന്റർനാഷനൽ എന്ന കമ്പനിയുമായാണ് മൂന്നാമത്തെ ധാരണപത്രം. പബ്ലിക് ട്രാൻസ്പോർട്ട് എജൻസി സി.ഇ.ഒ അഹമ്മദ് ബഹറൂസിയാനാണ് ആർ.ടി.എക്കുവേണ്ടി കരാറിൽ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.