അൽഐൻ: പൊന്മള മുട്ടിപ്പാലം സ്വദേശി വട്ടപറമ്പൻ അബ്ദു കോമു 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു. തന്റെ 24ാം വയസ്സിൽ തുടങ്ങിയ പ്രവാസത്തിനാണ് 66ാം വയസ്സിൽ സംതൃപ്തിയോടെ വിടപറയുന്നത്. 1980 ൽ ‘ചവിട്ടിക്കയറ്റലിൽ’ ബോംബെ വഴി അബൂദബിയിലെത്തി. ആദ്യ 14 വർഷം സ്വദേശിയുടെ വീട്ടിൽ അബൂദബിയിലും അൽഐനിലുമായി പാചകക്കാരനായി ജോലിചെയ്തു. ഈ കാലയളവിൽ 10 വർഷവും അൽഐൻ മസ്ഊദിയിലായിരുന്നു താമസം. ഇവിടെയുള്ള മലയാളികൾ ചേർന്ന് പഠന ക്ലാസുകൾ സംഘടിപ്പിക്കുകയും ‘സാധുസംരക്ഷണ സമിതി’ എന്ന കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. അതിന്റെ ചെയർമാൻ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മുതൽ കാസർകോട് വരെ 120 ഓളം പേരടങ്ങുന്ന ഈ കൂട്ടായ്മ മാസാമാസം നിശ്ചിത സംഖ്യ സ്വരൂപിച്ച് കേരളത്തിലങ്ങോളം നിരവധിപേർക്ക് സഹായമെത്തിച്ചു.
തുടർന്നുള്ള ഏഴുവർഷം എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബിൽ പാചകക്കാരനും സ്റ്റോർ കീപ്പർ ഇൻ ചാർജുമായി ജോലി ചെയ്തു. 2001 മുതൽ സായിദ് ഹൗസ് ഓഫ് ഇസ്ലാമിക് കൾചറൽ സെന്ററിൽ പാചകക്കാരനായി അഞ്ചുവർഷം ജോലി ചെയ്തു. പിന്നീട് അവിടെത്തന്നെ ലൈബ്രറി അസിസ്റ്റന്റായി ജോലി ചെയ്തുവരുകയാണ്. ഇവിടെ നിന്ന് നാലുതവണ വിശിഷ്ട സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനാവശ്യമായ പുസ്തകങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ സാധിച്ചു എന്നതാണ് ജീവിതത്തിൽ വലിയ സന്തോഷം നൽകുന്ന കാര്യം. പല വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഖുർആനും ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും സംഘടിപ്പിച്ചുകൊടുക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്.
സായിദ് സെന്ററിലെ ജോലിക്കാലത്ത് സ്വദേശികളും വിദേശികളുമായി നിരവധി പേർ ജോലിയിൽ നിന്ന് പിരിഞ്ഞു പോയിട്ടുണ്ടെങ്കിലും അബ്ദുവിന് മാത്രമാണ് യാത്രയയപ്പ് നൽകിയത് എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പിൽ നിരവധി പേരാണ് പങ്കെടുത്തത്. സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് സൗഹൃദ വലയത്തിൽ ഉള്ളത്.
എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബിൽ ജോലി ചെയ്യുന്ന സമയത്ത് ജർമനി, ഈജിപ്ത്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചു. 42 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ചില ബിസിനസ് സംരംഭങ്ങൾ തുടങ്ങിയിരുന്നെങ്കിലും അവയൊക്കെ പരാജയപ്പെടുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നിസാർ, മുഹമ്മദ് നിസാജ്, നദീറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.