അബ്​ദുറഹ്​മാൻ ഹാജി

പാലസിൽനിന്നും പ്രവാസത്തിൽനിന്നും അബ്​ദുറഹ്​മാൻ ഹാജി പടിയിറങ്ങി

അൽഐൻ: 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം, കൽപകഞ്ചേരി പാറപ്പുറം സ്വദേശി പറമ്പാട്ട് അബ്​ദുറഹ്​മാൻ ഹാജി എന്ന ബാവ നാട്ടിലേക്ക് മടങ്ങുന്നു. 1976ലാണ് ബോം​െബയിൽനിന്ന്​ മുസാഫിർ എന്ന കപ്പലിൽ കയറി ദുബൈയിൽ എത്തുന്നത്. അന്നു​ മുതൽ ദുബൈ സബീൽ പാലസിലായിരുന്നു ജോലി. ശൈഖുമാരുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കാനും ഇദ്ദേഹത്തിനായി. ജീവിതത്തിലും ജോലിയിലും സത്യസന്ധത പുലർത്തിയതിനാൽ പാലസിലും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവനായാണ് പടിയിറങ്ങുന്നത്. അതിനാൽ തന്നെ പൂർണ സംതൃപ്തിയോടെയാണ് നാട്ടിലേക്ക്​ തിരിക്കുന്നത്. ഇദ്ദേഹത്തിന് തിങ്കളാഴ്ച സബീൽ ഓഫിസിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

പാലസിലെ ജീവിതത്തിനിടെ എല്ലാ സൗകര്യങ്ങളും ലഭിച്ചിട്ടും ലളിതജീവിതമാണ് ഇദ്ദേഹം നയിച്ചത്. കുടുംബത്തിനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയാണ് പിതാവ്​ ഇത്രയും കാലം പ്രവാസ ജീവിതം നയിച്ചതെന്ന് മക്കൾ പറയുന്നു. കുടുബാംഗങ്ങളിൽ പലരെയും ഉയർന്ന ജോലികളിൽ എത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവരിൽ പലരും പ്രവാസം മതിയാക്കി തിരികെ പോയിട്ടും ഇദ്ദേഹത്തി​െൻറ പ്രവാസം നാലു പതിറ്റാണ്ട് നീളുകയായിരുന്നു. ഈ വർഷം തുടക്കത്തിൽ തിരികെ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണായതിനാൽ യാത്ര പിന്നെയും നീട്ടുകയായിരുന്നു. പ്രവാസം മതിയാക്കി തിരികെ വരുന്ന ഉപ്പയെ ആഘോഷപൂർവം സ്വീകരിക്കാൻ കാത്തിരിക്കുന്ന നാലു​ പെൺമക്കൾക്ക്​ ക്വാറൻറീൻ വിലങ്ങുതടിയാണെങ്കിലും അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ദുബൈയിൽ എത്തി 12 മാസത്തിനുശേഷം നടന്ന വാഹനാപകടത്തിൽ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾ ഉൾപ്പെടെ രണ്ടുപേർ മരിച്ചത് ദുഃഖത്തോടെയാണ് അബ്​ദുറഹ്മാൻ ഓർക്കുന്നത്. ഭാര്യ: ഉമ്മു സൽമ. മക്കൾ: സുനയ്യ, ഹനിയ്യ, ശൈമ റൈഹാന, ഷിഫ്ന. മരുമക്കൾ: സബീർ ഹാജി, ഷുക്കൂർ, ഇല്യാസ്, ഹബീബ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.