ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാർ

സന്ദർശക വിസയിലെത്തിയ 700ഓളം പേരെ മടക്കി അയച്ചു

ദുബൈ: മതിയായ രേഖകളില്ലാതെ സന്ദർശക വിസയിലെത്തിയ നൂറോളം ഇന്ത്യക്കാരെയും 678 പാകിസ്​താൻ സ്വദേശികളെയും ദുബൈ വിമാനത്താവളത്തിൽനിന്ന്​ മടക്കി അയച്ചു. റി​ട്ടേൺ ടിക്കറ്റും താമസരേഖകളും ഇല്ലാതെയെത്തിയതിനാലാണ്​ ഇന്ത്യക്കാർക്ക്​ ദുബൈയിൽ പ്രവേശനം നിഷേധിച്ചത്​.മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന്​ രേഖകൾ ശരിയാക്കി മലയാളികൾക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, മറ്റു സംസ്​ഥാനങ്ങളിൽനിന്നെത്തിയവർക്ക്​ മടങ്ങേണ്ടി വന്നു. അതേസമയം, 2000 ദിർഹം കൈവശം വെക്കാതെ എത്തിയതിനാണ്​ പാകിസ്​താനികളെ മടക്കിയത്​.

ഇന്ത്യ, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ, നേപ്പാൾ, ബംഗ്ല​ാദേശ്​ എന്നീ രാജ്യങ്ങളിൽനിന്നെത്തുന്ന സന്ദർശക വിസക്കാർ റി​ട്ടേൺ ടിക്കറ്റെടുത്തിരിക്കണമെന്ന്​ നേരത്തേ നിർദേശം നൽകിയിരുന്നു. പാകിസ്​താനികൾ 2000 ദിർഹം കൈയിൽ കരുതണമെന്ന നിർദേശം കഴിഞ്ഞദിവസം മുതൽ കർശനമാക്കിയിരുന്നു. ഇത്​ പാലിക്കാത്തവരെയാണ്​ മടക്കിയത്​. പലർക്കും റി​ട്ടേൺ ടിക്കറ്റോ താമസിക്കുന്നത്​ എവിടെയാണെന്ന രേഖകളോ ഉണ്ടായിരുന്നില്ല. ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ തങ്ങിയ ശേഷം വെള്ളിയാഴ്​ച പുലർച്ചയോടെയാണ്​ മലയാളികൾക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​. ഗോ എയറിലാണ്​ ഇവർ എത്തിയത്​. എയർ ബ്ലു, ​ൈഫ്ല ദുബൈ, പി.ഐ.എ എന്നീ വിമാനങ്ങളിലാണ്​ പാകിസ്​താനികൾ എത്തിയത്​. 678 പാകിസ്​താൻകാർക്ക്​ അനുമതി നിഷേധിച്ചതായും രേഖകൾ കൃത്യമാക്കിയ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും പാകിസ്​താൻ എംബസി അറിയിച്ചു. റി​ട്ടേൺ ടിക്കറ്റില്ലാ​ത്തവ​ർക്ക്​ യാത്ര അനുവദിക്കില്ലെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ഉൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകൾ അറിയിച്ചിട്ടുണ്ട്​.

ദുബൈ വഴി സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനെത്തുന്നവർക്കാണ്​ ഇത്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്​. കഴിഞ്ഞദിവസം വിമാനത്താവളത്തിൽ കുടുങ്ങിയതി​ലേറെയും ഇത്തരക്കാരായിരുന്നു. 

'വിവരങ്ങൾ ബോധ്യപ്പെടുത്താൻ കഴിയണം'

ദുബൈ: സന്ദർശക വിസയിൽ എത്തുന്നവർക്ക്​ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ വിവരങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പുറത്തിറങ്ങാൻ അനുവാദം ലഭിക്കുമെന്ന്​ സ്​മാർട്ട്​ ട്രാവൽസ്​ എം.ഡി അഫി അഹ്​മദ്​ പറഞ്ഞു.

വിവരങ്ങൾ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ധരിപ്പിച്ചതി​െൻറ അടിസ്ഥാനത്തിലാണ്​ മലയാളികളായ 22 പേരെ പുറത്തെത്തിക്കാൻ കഴിഞ്ഞത്​. ഇവർക്ക്​ യു.എ.ഇയിൽ ഗാരൻററുണ്ടെന്നും ഇവിടെ തങ്ങാനുള്ള തുക കൈവശമു​െ​ണ്ടന്നും താമസിക്കാൻ സ്ഥലമുണ്ടെന്നും എമിഗ്രേഷൻ ഓഫിസർമാരെ ബോധിപ്പിക്കാൻ കഴിഞ്ഞു. 2000 ദിർഹം കൈയിൽ ഇല്ലെങ്കിലും ദുബൈയിൽ ഒരുമാസം തങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന്​ ഉദ്യോഗസ്ഥരെ ബോധിപ്പിക്കാൻ കഴിയണം. ഇതിനായി ഇന്ത്യൻ കറൻസിയോ ഡോളറോ ക്രെഡിഡ്​ കാർഡോ ഡെബിറ്റ്​ കാർഡോ കൈയിൽ കരുതുന്നത്​ നല്ലതാണ്​.

ഇവിടെയുള്ള ഗാരൻററെ കുറിച്ചും താമസ സംവിധാനങ്ങളെ കുറിച്ചും അവരെ അറിയിക്കണം. ആവശ്യമെങ്കിൽ ഇവ ബോധിപ്പിക്കാനുള്ള രേഖകൾ കൈയിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു. അഫിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ മലയാളികളായ 22 പേരെ പുറത്തെത്തിക്കാൻ കഴിഞ്ഞത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.