ദുബൈ: പിറന്നമണ്ണിൽ അലിഞ്ഞുചേരുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രിയപ്പെട്ടവരെ അവസാന നോക്കു കാണുക എന്നത് അവരുടെ കുടുംബാംഗങ്ങളുടെ അവകാശവുമാണ്. എന്നാൽ, മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്ത് സ്ഥിരം കാഴ്ചയായി മാറുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകർ മുൻപിലുണ്ടാകുമെങ്കിലും പണം സംഘടിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നട്ടം തിരിയാറുണ്ട്. സന്ദർശക വിസയിലെത്തുന്നവരാണ് മരിക്കുന്നതെങ്കിൽ നടപടിക്രമങ്ങൾക്ക് സഹായം നൽകാൻ സ്ഥാപനം പോലുമുണ്ടാകില്ല. ഈ സമയത്ത് പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോർക്കയുടെ സഹായം അറിയാതെ പോകുന്നു.
മൃതദേഹം അയക്കാൻ 5000 ദിർഹമോളം ചെലവ് വരുമെങ്കിലും കാർഗോ നിരക്കായ 1700 ദിർഹം അർഹരായ നിർധനർക്ക് നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്. നോർക്ക റൂട്ട്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും എന്തുകൊണ്ടോ പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചില്ല.
വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത് പ്രാബല്യത്തിലായി മാസങ്ങൾ പിന്നിട്ടെങ്കിലും ഈ പദ്ധതി പ്രകാരം യു.എ.ഇയിൽ നിന്ന് രണ്ടോ മൂന്നോ മൃതദേഹം മാത്രമാണ് നാട്ടിലെത്തിച്ചത്. അർഹരായവർ ഇല്ലാഞ്ഞിട്ടല്ല, അർഹരായവരിലേക്ക് ഈ വിവരം എത്താത്തതാണ് പ്രശ്നം. കഴിഞ്ഞ ദിവസം മരിച്ച കൊല്ലം സ്വദേശി ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ മണിക്കൂറുകൾക്കുള്ളിലാണ് നോർക്ക സഹായമെത്തിച്ചത്.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ഹംപാസ് എന്ന കൂട്ടായ്മ മുൻകൈയെടുത്താണ് ഈ സഹായം ലഭ്യമാക്കിയത്. എയർപോർട്ടിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സഹായവും നോർക്ക നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ, ആ പ്രവാസി കുടുംബത്തിന് നൽകുന്ന വലിയൊരു സഹായമായിരിക്കും ഇത്.
വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന നിർധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കേരള സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് എമർജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്‍റെ ഉപപദ്ധതിയാണ് നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്.
കഴിഞ്ഞ ദിവസം മരണപ്പെട്ട ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ കാർഗോ ടിക്കറ്റ് നോർക്ക നേരിട്ട് നൽകുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയർലൈനുകൾക്ക് തുക നേരിട്ട് നൽകുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.