അബൂദബി: കോവിഡിന് ശേഷം യു.എ.ഇയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം കടന്നുപോയത് 2.3 കോടി യാത്രക്കാർ. 2022നെ അപേക്ഷിച്ച യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് 44.5 ശതമാനം വർധന.
അബൂദബി വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെമിനൽ ‘എ’യുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അബൂദബി എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ. പുതിയ ടെർമിനലിൽ നിന്ന് കഴിഞ്ഞ വർഷം മുതൽ സർവിസ് ആരംഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ചയായിരുന്നു ഔദ്യോഗിക ഉദ്ഘാടനം.
2023 നവംബർ 15ന് പൂർണമായി പ്രവർത്തനക്ഷമമായതിന് ശേഷമുള്ള ആദ്യ 60 ദിവസത്തിനുള്ളിൽ പുതിയ ടെർമിനൽ 4.48 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തു. ഇതിൽ 1.21 ദശലക്ഷം പേരാണ് ടെർമിനൽ വഴി വന്നത്. 1.22 ദശലക്ഷം പുറപ്പെടലുകളും. ഡിസംബർ 2023 മുതൽ 117 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അബൂദബി എയർപോർട്ട് സർവിസ് നടത്തി. 2022ൽ 100 നഗരങ്ങളിലേക്കായിരുന്നു സർവിസ്.
പുതിയ ടെർമിനലിൽ നിന്ന് 28 അന്താരാഷ്ട്ര വിമാന സർവിസുകൾ കൂടി സർവിസ് തുടങ്ങിയതോടെയാണ് 20 ശതമാനത്തിന്റെ വർധനവുണ്ടായത്. പ്രതിവർഷം 4.5 കോടി യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുണ്ട് പുതിയ ടെർമിനലിന്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ പേരും ചടങ്ങിൽ പ്രഖ്യാപിച്ചു.
സായ്ദ് അന്താരാഷ്ട്ര വിമാനത്താവളം എന്നായിരിക്കും ഇനി മുതൽ അബൂദബി വിമാനാത്താവളം അറിയപ്പെടുക. യു.എ.ഇയുടെ രാഷ്ട്ര ശിൽപി ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന് ആദരമർപ്പിച്ചാണ് ഇദ്ദേഹത്തിന്റെ പേര് വിമാനത്താവളത്തിനിട്ടത്. ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.