ഷാർജ: യു.എ.ഇയുടെ സുസ്ഥിരത ആശയത്തെ പിന്തുണച്ച് പുനരുപയോഗ സഞ്ചികളിൽ വിദ്യാർഥികൾ നടത്തിയ കലാവിഷ്കാരത്തിന് ഗിന്നസ് റെക്കോഡ്. പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന് കീഴിലുള്ള സ്കൂളുകളിലെ 10,349 വിദ്യാർഥികൾ ചേർന്ന് നടത്തിയ ശ്രമത്തിനാണ് ലോക റെക്കോഡ് ലഭിച്ചത്. ഒരേസമയം ഏറ്റവും കൂടുതൽ കുട്ടികൾ ഒരുമിച്ചിരുന്ന് തുണിസഞ്ചികളിൽ ചായം തേച്ച് വർണവിസ്മയമൊരുക്കിയതിനാണ് ലോക അംഗീകാരം. ഷാർജ മുവൈലയിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളാണ് ഗിന്നസ് റെക്കോഡിന് വേദിയായത്.
പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോഡ് നേട്ടം കൂടിയായായിരുന്നു ഇത്. 2017 മുതൽ 2023 വരെ ഏഴു ഗിന്നസ് റെക്കോഡുകൾ നേരത്തേ പേസ് എജുക്കേഷൻ ഗ്രൂപ് സ്വന്തമാക്കിയിരുന്നു. സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിന്റെയും പ്രഖ്യാപനം കൂടിയായാണ് ഇത്തവണ തുണി സഞ്ചികളിൽ ചായം പൂശിയത്.
പെയ്സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ, ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, പെയ്സ് ഇന്റർനാഷനൽ സ്കൂൾ ഷാർജ, ഡി.പി.എസ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഷാർജ എന്നീ സ്കൂളുകളിലെ വിദ്യാർഥികളാണ് ഗിന്നസ് നേട്ടത്തിൽ പങ്കെടുത്തത്. പെയ്സ് ഗ്രൂപ് അസിസ്റ്റന്റ് ഡയറക്ടർ സഫ അസദ്, ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ് എന്നിവരാണ് ഈ നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർ.
പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗിന്നസ് അഡ്ജുഡിക്കേറ്റർ ഹെമ ബ്രെയിൻ ആണ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്.
പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, ഡയറക്ടർമായ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹീം, അമീൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസി.ഡയറക്ടർ സഫാ അസദ്, സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു റെജി, ഡോ. നസ്രീൻ ബാനു, മുഹ്സിൻ കട്ടയാട്ട്, വിഷാൽ കഠാരിയ, ജോൺ ബാഗ്വസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു.
പെയ്സ് എജുക്കേഷൻ ഐ.ടി വിഭാഗം മേധാവി റഫീഖ് റഹ്മാന്റെ നേതൃത്വത്തിൽ മുഷ്താഖ് ഫഹദ്, ദീപക് ഹാഷിം, ആസിഫ് തുടങ്ങിയവരാണ് സാങ്കേതിക സൗകര്യങ്ങൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.