അബൂദബി: അബൂദബിയിലെ അല്‍ മഖ്ത പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. അതിനൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് പാലം നവീകരണത്തിന്റെ ആദ്യഘട്ടവും അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 2022 ഏപ്രിലിലാണ് ഇതുസംബന്ധമായ ജോലികള്‍ ആരംഭിച്ചതെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പറഞ്ഞു.
പാലത്തിന്റെ സ്ലാബിലെ ടാറിങ്, ഇരുവശത്തുകൂടിയുമുള്ള നടപ്പാതകള്‍, കമാനത്തിന്റെ അറ്റകുറ്റപ്പണി, പെയിന്റിങ്, കോണ്‍ക്രീറ്റ് മെറ്റല്‍ ഭാഗങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. ഇതോടെ പാലം മികച്ച ഗുണനിലവാരം കൈവരിച്ചതായും അധികൃതര്‍ പറഞ്ഞു. അബൂദബിയുടെ ചരിത്രത്തോടു ചേര്‍ന്നുകിടക്കുന്നതാണ് അല്‍ മഖ്ത പാലം. 1967ലാണ് പാലം നിര്‍മിച്ചത്. അബൂദബി, ദുബൈ, അല്‍ഐന്‍ എന്നിവിടങ്ങളിലേക്ക് പോവാന്‍ കാല്‍നടക്കാര്‍ അല്‍ മഖ്ത പാലമായിരുന്നു ഉപയോഗിച്ചുവന്നിരുന്നത്.
പാലത്തിന് നാല് ലെയിനുകളും ഇരുവശങ്ങളിലുമായി രണ്ട് കാല്നടപ്പാതകളുമുണ്ട്. എട്ട് ഇരുമ്പു ബീമുകളും എട്ട് കോണ്‍ക്രീറ്റ് സ്ലാബുകളിലുമായാണ് പാലം നില്‍ക്കുന്നത്. 1960കളില്‍ അബൂദബിയുടെ ഐക്കണായിട്ട് ഉയര്‍ത്തിക്കാട്ടിയിരുന്നത് അല്‍ മഖ്ത പാലമായിരുന്നു. 1968ല്‍ നിര്‍മാണം പൂര്‍ത്തിയായ ഈ പാലമാണ് വികസിച്ചുവന്ന അബൂദബി ദ്വീപിനെ മറ്റു സ്ഥലങ്ങളുമായി ആദ്യമായി ബന്ധിപ്പിച്ചത്. ഓസ്ട്രിയന്‍ എൻജിനീയര്‍മാരായ വാഗ്നര്‍ ബിറോയാണ് പാലം നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.