അബൂദബി: സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴിൽ 12ാമത് അബൂദബി ആർട്ട് എക്‌സിബിഷൻ നവംബർ 19 മുതൽ 26 വരെ വെർച്വൽ പ്ലാറ്റ്‌ഫോം വഴി നടത്തും.അബൂദബിയിലെ കലാപ്രവർത്തനങ്ങൾ ഈ വർഷം ഡിജിറ്റൽ പതിപ്പിൽ ഒതുക്കേണ്ട സാഹചര്യമാണെന്ന് അധികൃതർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ഒട്ടേറെ ആർട്ട് ഗാലറികളും കലാകാരന്മാരും ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ അനുഭവം വെർച്വൽ എക്‌സിബിഷനിൽ പ്രതിഫലിക്കും.അബൂദബി കലയുടെ ചരിത്രത്തിൽ ആദ്യമായി ആറു ക്യൂറേറ്റർമാരുടെ ഗാലറികളും കലാകാരന്മാരുമായി സഹകരിച്ച് ക്രിയാത്മകമായ കലാസൃഷ്ടികളും അവതരിപ്പിക്കും. ആർട്ട് എക്‌സിബിഷൻ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന പ്രോജക്ടുകൾ ഉൾക്കൊള്ളുന്ന പൊതു പരിപാടിയായിരിക്കുമെന്ന് അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി സയീദ് അൽ ഹൊസനി അറിയിച്ചു. ഡിജിറ്റൽ പതിപ്പിന് മുമ്പത്തേക്കാൾ വലിയ പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുഷ്‌കരമായ സമയങ്ങളിലും സാംസ്‌കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണക്കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷത്തെ അബൂദബി ആർട്ടിൽ ഒട്ടേറെ മുതിർന്ന ആർട്ടിസ്റ്റുകളെയും ക്യൂറേറ്റർമാരെയും ക്ഷണിച്ചിട്ടുണ്ടെന്ന് അബൂദബി ആർട്ട് എക്‌സിബിഷൻ ഡയറക്ടർ ഡയല നുസൈബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.