അബൂദബി: പ്രഥമ അബൂദബി ബിസിനസ് വാരം (എ.ഡി.ബി.ഡബ്ല്യു) ഡിസംബര്‍ നാലുമുതല്‍ ആറുവരെ അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) നടക്കും.
ബിസിനസ് സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കാനുള്ള അബൂദബിയുടെ പ്രതിബദ്ധതയും എമിറേറ്റിന്റെ സാമ്പത്തിക വളര്‍ച്ചയും പ്രതിഫലിപ്പിക്കുന്ന പരിപാടി, ‘മൂല്യം നല്‍കൂ, ഫലം സൃഷ്ടിക്കൂ’ എന്ന ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. 150ലേറെ പ്രഭാഷകരും എണ്ണായിരത്തിലേറെ നയനിര്‍മാതാക്കളും ബിസിനസ് എക്സിക്യൂട്ടിവുമാരും അന്താരാഷ്ട്ര നിക്ഷേപകരും പങ്കെടുക്കും.
ലോകത്തിലെ സമ്പന്ന നഗരമെന്ന ഖ്യാദി അടുത്തിടെ നേടിയ അബൂദബിക്ക് മികച്ച നിക്ഷേപ അവസരങ്ങള്‍ തുറന്നുനല്കുന്നതാവും എ.ഡി.ബി.ഡബ്ല്യു. പൊതു, സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ബിസിനസുകള്‍ ശക്തിപ്പെടുത്തുന്നതിനും അതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനുമാവും എ.ഡി.ബി.ഡബ്ല്യു ശ്രദ്ധ കേന്ദ്രീകരിക്കുക.
അബൂദബിയുടെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തില്‍ നിക്ഷേപകര്‍ക്കും ബിസിനസുകള്‍ക്കും പ്രതിഭകള്‍ക്കും അഭിവൃദ്ധി പ്രാപിക്കാനും വിപുലീകരിക്കാനുമുള്ള അവസരങ്ങളാണ് എ.ഡി.ബി.ഡബ്ല്യു തുറന്നുനല്കുകയെന്ന് അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രി ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി പറഞ്ഞു.
എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 55 ശതമാനവും എണ്ണയിതര മേഖലകളില്‍ നിന്നാണ് ലഭിക്കുന്നതെന്നും 2024 രണ്ടാം പാദത്തോടെ 6.6 ശതമാനം വളര്‍ച്ചയാണ് മേഖല കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്തില്‍ നടക്കുന്ന പരിപാടി അബൂദബി സാമ്പത്തിക വികസന വകുപ്പുമായും അബൂദബി നിക്ഷേപ ഓഫിസുമായും സഹകരിച്ച് അബൂദബി ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.