ദുബൈ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളിക്ക് 31 ലക്ഷം ദിർഹം (ഏകദേശം ആറ് കോടി രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി കോടതി ഉത്തരവ്. തൃശൂർ അന്നമനട സ്വദേശി പി.എസ്. സിജീഷിനാണ് (42) നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദുബൈ കോടതിയിലെ ഇൻഷ്വറൻസ് തർക്ക പരിഹാര കമ്മിറ്റിയുടെ ഉത്തരവ് അബൂദബി കോടതി ശരിവച്ചു. അപകട ശേഷം നാട്ടിലേക്ക് മടങ്ങിയ സിജീഷ് നിലവിൽ നാട്ടിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം മെയ് 18നായിരുന്നു അപകടം.
വിവാഹത്തിനായി നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയായിരുന്നു അപകടം. അൽ ഐനിൽ നിന്ന് ദുബൈയിലേക്ക് കാർഗോ കമ്പനിയുടെ വാനിൽ മടങ്ങവേ ആഡംബര കാർ ഇടിക്കുകയായിരുന്നു. വാൻ ഓടിച്ചിരുന്നത് സിജീഷാണ്. ഒരുമാസത്തോളം ദുബൈ റാശിസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു. ഇതിനടിയിൽ സ്പൈനൽ കോഡ് ശസ്ത്രക്രിയക്കും വിധേയനായി.
ആഗസ്റ്റ് ആറിന് നാട്ടിലെത്തിച്ച സിജീഷിനെ വൈക്കത്തെ അമേരിക്കൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 30 വരെ അവിടെ ചികിത്സയിലായിരുന്നു. അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. കൈകൾ ചലിപ്പിക്കാൻ കഴിയുമെങ്കിലും എന്തെങ്കിലും എടുക്കാൻ കഴിയില്ല. രണ്ട് പേരുടെ സഹായമുണ്ടെങ്കിലേ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയു. വീൽ ചെയറിൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് യാത്ര. ഫിസിയോ തെറാപ്പിയാണ് നിലവിലെ ചികിത്സ.
പ്രായമായ മാതാപിതാക്കൾക്ക് സിജീഷിനെ പരിചരിക്കാൻ കഴിയാതെ വന്നതോടെ സഹോദരി സൗമ്യയും ഭർത്താവുമാണ് ഇപ്പോൾ സഹായിക്കുന്നത്. കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു സിജീഷ്. ഫിസിയോ തെറാപിസ്റ്റിന് നൽകാൻ പോലും പണം ഇല്ലാതിരുന്ന അവസ്ഥയിലാണ് ആശ്വാസമായി കോടതി വിധി വന്നത്. സിജീഷിനുണ്ടായ വൈകല്യം കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. കാർ ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി കോടതി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.