അബൂദബി: അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാന്റെ ഇന്ത്യ സന്ദർശനം പൂർത്തിയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമായി മാറുന്ന നിരവധി സുപ്രധാന കരാറുകൾക്ക് രൂപം നൽകാനും സന്ദർശനം വഴിയൊരുക്കിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
ഊർജ മേഖലയിലെ യു.എ.ഇ പങ്കാളിത്തം എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് വലിയതോതിൽ ഗുണം ചെയ്യും എന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസങ്ങളിലെ സന്ദർശനവേളയിൽ ഇന്ത്യ നൽകിയ വരവേൽപിനും സ്നേഹത്തിനും അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ് യാൻ നന്ദി അറിയിച്ചു.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സന്ദർശനം പൂർത്തീകരിച്ച് അബൂദബി കിരീടാവകാശി മടങ്ങിയത്. കേന്ദ്രവ്യവസായ മന്ത്രി പീയുഷ് ഗോയല്‍ കിരീടാവകാശിക്ക് യാത്രയയപ്പ് നല്കാൻ എത്തിയിരുന്നു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി നടത്തിയ ചർച്ച ഉഭയകക്ഷി സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിർണായക ചുവടുവെപ്പുകൾക്ക് കരുത്തേകുമെന്ന് ഇരുരാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. നിരവധി നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
മുംബൈയില്‍ ചേര്‍ന്ന ഇന്ത്യ-യു.എ.ഇ ബിസിനസ് ഫോറത്തിലും അബൂദബി കിരീടാവകാശി സംബന്ധിച്ചു. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ വികസിപ്പിക്കുന്നതിനും വ്യാപാരം വര്‍ധിപ്പിക്കുന്നതിനും പ്രധാന വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും യു.എ.ഇ ഉദാര നടപടികൾ സ്വീകരിക്കുമെന്ന് കിരീടാവകാശി മുംബൈ ഫോറത്തിൽ വ്യക്തമാക്കി.
സമഗ്ര സാമ്പത്തിക കരാറിലൂടെ രൂപപ്പെട്ട വ്യാപാര ഉണർവ് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.