അബൂദബി: ഈജിപ്തിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ 7500 കോടി നിക്ഷേപിക്കാൻ അബൂദബി ഭരണകൂടം. സർക്കാർ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ് താനൂൻ ബിൻ സായിദ് ആൽ നെഹ്യാൻ ചെയർമാനുമായ അബൂദബി കമ്പനിയാണ് (എ.ഡി.ക്യു) ലുലു ഗ്രൂപ്പിൽ വീണ്ടും മുതൽ മുടക്കുന്നത്.
മിഡിൽ ഈസ്റ്റിലെയും ഉത്തര ആഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായാണ് ലുലുവിെൻറ ഈജിപ്ത് കമ്പനിയിൽ അബൂദബി സർക്കാർ വൻ നിക്ഷേപം നടത്തുന്നത്. ഇത് സംബന്ധിച്ച കരാറിൽ അബൂദബി കമ്പനി സി.ഇ.ഒ മുഹമ്മദ് ഹസൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും ഒപ്പുവെച്ചു.
ഈജിപ്തിലെ വിവിധ നഗരങ്ങളിൽ 30 ഹൈപ്പർമാർക്കറ്റ്, 100 മിനി മാർക്കറ്റ്, ലോജിസ്റ്റിക്സ് സെൻറർ, ഇ- കൊമേഴ്സ് വിപുലീകരണം എന്നിവക്ക് വേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ മാർക്കറ്റുകൾ പൂർത്തിയാക്കും. ഇതുവഴി മലയാളികൾ ഉൾപെടെ 12,000ൽ കൂടുതൽ ആളുകൾക്ക് ഈജിപ്തിൽ തൊഴിൽ ലഭിക്കും.
രണ്ടാം തവണയാണ് ലുലു ഗ്രൂപ്പിൽ അബൂദബി സർക്കാർ മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞമാസം ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി 8200 കോടി രൂപ നിക്ഷേപിച്ചിരുന്നു. ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നതായും യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.