അബൂദബി: തലസ്ഥാന എമിറേറ്റിൽ ഗ്രീൻ പാസ് സംവിധാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി. അൽ ഹൊസ്ൻ ആപ്പിൽ പച്ചനിറം തെളിഞ്ഞവർക്കും വാക്സിനേഷൻ പൂർത്തീകരിച്ചവർക്കും ബൂസ്റ്റർ ഡോസ് എടുത്തവർക്കും മാത്രമാണ് ഇന്നലെ മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിച്ചത്. ആദ്യ ദിവസം വാണിജ്യ കേന്ദ്രങ്ങളിൽ എത്തുന്നവരുടെ തിരക്ക് കുറവായിരുന്നു.
അബൂദബിയിലെ ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, റിസോർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഗ്രീൻ പാസില്ലാതെ പ്രവേശിക്കാനാവില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാലും പി.സി.ആർ പരിശോധനക്കുശേഷം മാത്രമേ മൊബൈൽ ഫോണിൽ ഗ്രീൻ പാസ് ലഭിക്കൂ. പരിശോധന നടത്തി 30 ദിവസം വരെയാണ് പച്ചനിറം ലഭിക്കുക.
ഇതില്ലാതെ വന്നവരെ മാളുകളിൽനിന്ന് മടക്കിയയച്ചു. ഫോണിൽ ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അബൂദബിയിലെ മാളുകളിലെ വൈഫൈ സംവിധാനത്തിലൂടെ അൽ ഹൊസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് കാണിച്ച ശേഷം മാത്രമാണ് വാണിജ്യ കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച പ്രവേശനം അനുവദിച്ചത്. മിക്ക മാളുകളുടെയും പ്രവേശന കവാടങ്ങളിൽ മാർഗനിർദേശങ്ങൾ നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ പ്രക്രിയ വേഗത്തിലാക്കാൻ അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അബൂദബിയിലെ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാവുന്നവരുടെ ശേഷി 80 ശതമാനമായി ഉയർത്തിയെങ്കിലും പുതിയ മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ ഷോപ്പിങ്ങിനെത്തിയവരുടെ എണ്ണം കുറവായിരുന്നു.
അബൂദബി: വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറൻറീനില്ലാതെ അബൂദബിയിൽ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ഗ്രീൻലിസ്റ്റ് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചു. ഒാസ്ട്രിയയെ ഉൾപ്പെടുത്തിയതാണ് പുതിയ മാറ്റം. കഴിഞ്ഞ ദിവസം അർമേനിയ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളെ ഗ്രീൻലിസ്റ്റിൽനിന്ന് ഒഴിവാക്കിയിരുന്നു.
മലയാളികൾ ഉൾപ്പെടെ ഈ രാജ്യങ്ങൾ വഴി യു.എ.ഇയിൽ എത്തുന്നുണ്ട്. വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിലായ പുതുക്കിയ പട്ടികയിലുള്ള രാജ്യങ്ങൾ: ബഹ്റൈൻ, സൗദി അറേബ്യ, അൽബേനിയ, ആസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചൈന, ചെക് റിപ്പബ്ലിക്, ജർമനി, ഹോങ്കോങ്, ഹംഗറി, മാൾട്ട, മൊറീഷ്യസ്, മൾഡോവ, ന്യൂസിലൻഡ്, പോളണ്ട്, അയർലൻഡ്, റൊമാനിയ, സെർബിയ, സെയ്ഷെൽസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തയ്വാൻ, യു ക്രെയ്ൻ.
അബൂദബി: കോവിഡ് വാക്സിെൻറ രണ്ട് ഡോസും ബൂസ്റ്റർ ഡോസും സ്വീകരിച്ചാലും അബൂദബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ മാസത്തിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തണം. ഓരോ പരിശോധനക്ക് ശേഷവും 30 ദിവസം മാത്രമാണ് ആപ്പിൽ പച്ച തെളിയുക. അതു കഴിഞ്ഞാൽ ഗ്രേ നിറമാകും. ഇതോടെ മാളുകളിൽ പ്രവേശനം വിലക്കും. രണ്ടാം ഡോസ് എടുത്ത് ആറു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. ബൂസ്റ്റർ എടുത്തില്ലെങ്കിൽ ആപ്പിൽ 'വാക്സിനേറ്റഡ്' എന്ന പദവി നഷ്ടമാകും.
അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനേഷൻ നിർബന്ധമല്ലാത്തവർക്ക് ആഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തേണ്ടി വരും. പരിശോധന നടത്തി ഒരാഴ്ച മാത്രമെ ആപ്പിൽ പച്ച തെളിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.