അബൂദബി: ലോകോത്തര വിനോദസഞ്ചാരകേന്ദ്രമായ അബൂദബി കഴിഞ്ഞവർഷം വരവേറ്റത് 1.8 കോടി സന്ദർശകരെ. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2,46,000 വിദ്യാർഥികൾ അടക്കം 30 ലക്ഷത്തോളം പേർ അബൂദബിയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിച്ചു. സന്ദർശകരുടെ സംതൃപ്തിനിരക്ക് 99 ശതമാനം ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 അബൂദബിയെ വീണ്ടെടുക്കാൻ സഹായിച്ച വർഷമായിരുന്നുവെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറഞ്ഞു. അബൂദബിയെ ലോകത്തിന് പങ്കുവെച്ച് ജനജീവിതം സമ്പുഷ്ടമാക്കാനാണ് തങ്ങൾ നിലനിൽക്കുന്നതെന്ന സന്ദേശമാണ് കഴിഞ്ഞവർഷം പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയെ സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നതിനും യുവാക്കൾക്ക് പരിധികളില്ലാത്ത അവസരങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള വാഗ്ദത്ത പാലനത്തിന് പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻവർഷത്തെ അപേക്ഷിച്ച് 2022ൽ ഹോട്ടൽ താമസക്കാരിൽ 24 ശതമാനത്തിന്റെ വർധനവുണ്ടായി. 41 ലക്ഷം പേരാണ് ഹോട്ടലുകളിൽ മുറികളെടുത്തത്. അബൂദബി കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂഷൻ 1200ലേറെ പരിപാടികൾ നടത്തി ആറുലക്ഷത്തിലേറെ സന്ദർശകരെ സ്വീകരിച്ചു. അബൂദബി കലാമേള 2022ൽ 28 രാജ്യങ്ങളിൽ നിന്നുള്ള 80ലേറെ ഗാലറികൾ ഉണ്ടായിരുന്നു. അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിലും അൽ ഐൻ പുസ്തകമേളയിലും അൽ ധഫ്ര പുസ്തകമേളയിലുമായി 2,60,000 സന്ദർശകരെ അബൂദബി അറബി ഭാഷാകേന്ദ്രം സ്വീകരിച്ചു. 2023 അവസാനത്തോടെ സന്ദർശകരുടെ എണ്ണം 2.40 കോടിയായി വർധിപ്പിക്കുകയെന്ന ലക്ഷ്യം അടുത്തിടെ സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.