അറിവിന്റെ വാതായനങ്ങള്‍ തുറന്ന് അബൂദബി എമിറേറ്റ് അക്ഷരോല്‍സവത്തിന്റെ തിരക്കിലേക്ക് മടങ്ങിയെത്തുന്നു. ഇത്തവണ നിരവധി സവിശേഷതകളോടെയാണ് 32ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുക. ഓരോ വര്‍ഷവും പ്രത്യേക രാജ്യത്തെയും വ്യക്തിയെയുമാണ് മേളയില്‍ കേന്ദ്രീകരിക്കുകയെന്നതിനാല് ഈ വര്‍ഷം തുര്‍ക്കിയും അറബ് സാമൂഹിക ശാസ്ത്രജ്ഞനും തത്വചിന്തകനും ചരിത്രകാരനുമായ ഇബ്ന് ഖല്ദുനെയുമാണ് പുസ്തകമേളയുടെ വിശിഷ്ടതിഥികൾ.
അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ മേയ് 22 മുതല്‍ 28 വരെയാണ് പുസ്തകമേള നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി 10 വരെയാണ് പുസ്തകമേളയുടെ സമയം. കുട്ടികളെ ലക്ഷ്യമിട്ട് രചനാ, ചിത്രരചനാ പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും മേളയില്‍ സജ്ജീകരിക്കും. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പാണ് സംഘാടകര്‍. പരിഭാഷകരും പ്രസാധനാലയങ്ങളുമായി 200ലേറെ സ്ഥാപനങ്ങളാണ് പുസ്തകമേളയിലെത്തുക. 1.50 ലക്ഷം സന്ദര്‍ശകരെയാണ് മേളയില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ശില്‍പ്പശാലകള്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ മേളയില്‍ അരങ്ങേറും. ഇതിനു പുറമേ ബ്ലാക്ക് ബോസ് സിനിമ മേളയില്‍ പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കലാ പ്രദര്‍ശനങ്ങളും മേളയില്‍ അരങ്ങേറും.
സ്വര്‍ണം പൂശിയ 184 പേജുകളുള്ള 11ാം നൂറ്റാണ്ടിലെ ഖുര്‍ആനായിരുന്നു കഴിഞ്ഞ പുസ്തക മേളയിലെ പ്രധാന ആകര്‍ഷണം. ലോകത്ത് നിലവിലുള്ള ഏറ്റവും പഴയ ഖുര്‍ആനുകളില്‍ ഒന്നാണ് ഇത്. 1550ല്‍ എഴുതിയ അപൂര്‍വമായ പക്ഷി വിഭാഗങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ 11 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന പുസ്തകം മേളയിലെത്തിച്ചത് ഫ്രഞ്ച് ലൈബ്രറിയായ ക്ലാവ്റല് ആണ്. 1579നും 1588നും ഇടയില്‍ വെനീസില്‍ നിന്ന് അറേബ്യന്‍ കടലിടുക്ക് മേഖലയിലേക്ക് നടത്തിയ ഒമ്പതുവര്‍ഷം നീണ്ട വെനീഷ്യന്‍ ആഭരണവ്യാപാരി ഗാസ്പറോ ബാല്ബിയുടെ യാത്രാ വിവരണവും മേളയില്‍ കാണികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. 11 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 16ാം നൂറ്റാണ്ടിലെ അപൂര്‍വ പുസ്തകവും സ്വര്‍ണ ഖുര്‍ആനും അടക്കമുള്ള പുസ്കങ്ങളുടെ ശ്രദ്ധേയമായ ശേഖരം ഒരുക്കിയാണ് അന്താരാഷ്ട്ര പുസ്തകമേള വിസ്മയിപ്പിച്ചത്. 1130 അന്താരാഷ്ട്ര, റീജ്യനല്‍, പ്രാദേശിക പ്രസാധനാലയങ്ങൾ മേളയില്‍ സംബന്ധിച്ചിരുന്നു.
13, 19 നൂറ്റാണ്ടുകളില്‍ ജീവിച്ച യൂറോപ്യന്‍ പണ്ഡിതന്മാര് എഴുതിയ കൈയെഴുത്തു പ്രതികളുടെ പ്രദര്‍ശനവും അബൂദബി ഖസര്‍ അല്‍ വതനിൽ (പ്രസിഡന്‍ഷ്യല്‍ പാലസ്) കാണികള്‍ക്കായി മുമ്പ് ഒരുക്കിയിരുന്നു. പുരാതന നാളുകളിലെ അറബികളുടെ സംസ്കാരം, സംഗീതം, വൈദ്യം, സാഹിത്യം എന്നിവ ആഴത്തില്‍ വായിച്ചറിയാനുള്ള അവസരമാണ് അപൂര്‍വ കൈയെഴുത്ത് പ്രതികളുടെ പ്രദര്‍ശനത്തിലൂടെ ലഭ്യമാക്കിയത്. ഖസര്‍ അല്‍ വതന്‍ ലൈബ്രറിയില്‍ അര ലക്ഷത്തിലേറെ പുസ്തകങ്ങളാണുള്ളത്. പുരാവസ്തു ശാസ്ത്രം, ചരിത്രം, പൈതൃകം, ജീവചരിത്രം, മനുഷ്യ ശാസ്ത്രം, സ്ഥിതിവിവരം, ഭരണനിര്‍വഹണം, സാംസ്കാരികം, സാഹിത്യം, കല, തുടങ്ങി പൊതുജന താല്പര്യമുള്ള വിഷയങ്ങളിലെ പുതിയതും പുരാതനവുമായ പുസ്തകങ്ങളുടെ ശേഖരമാണിത്.
സാഹിത്യം, പരിഭാഷ, രാഷ്ട്രവികസനത്തിനുള്ള സംഭാവന, മറ്റു ഭാഷകളിലെ അറബ് സംസ്കാരം, ബാലസാഹിത്യം, സാഹിത്യ കലാ വിമര്‍ശനം, യുവ എഴുത്തുകാരന്, പ്രസാധകവും-സാങ്കേതികവും, ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വം തുടങ്ങിയ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി ശൈഖ് സായിദ് പുസ്തക അവാര്‍ഡും അബൂദബി എമിറേറ്റ് നല്കി വരുന്നുണ്ട്. വായനക്കാരെ തേടിച്ചെല്ലുന്ന ഓടും ലൈബ്രറി (ലൈബ്രറി ഓണ്‍ വീല്‍സ് ) പദ്ധതി നടപ്പാക്കിയും അബൂദബി എമിറേറ്റ് ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.