അബൂദബി: അബൂദബി അറബിക് ഭാഷ കേന്ദ്രം സംഘടിപ്പിക്കുന്ന 33ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേള ഏപ്രില്‍ 29 മുതല്‍ മേയ് അഞ്ചുവരെ അബൂദബി നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കും. ‘ലോകത്തിന്റെ കഥകള്‍ വെളിവാകുന്ന ഇടം’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ തീം.
90ലേറെ രാജ്യങ്ങളില്‍ നിന്നായി 1,350ലേറെ പ്രസാധകരാണ് ഇത്തവണത്തെ മേളയിലെത്തുക.
കഴിഞ്ഞ വര്‍ഷം 84 രാജ്യങ്ങളില്‍ നിന്നായി 1300 പ്രസാധകരായിരുന്നു പുസ്തകമേളക്കെത്തിയത്.
ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാകിസ്താന്, സൈപ്രസ്, ബൾഗേരിയ, മൊസാംബിക്, ഉസ്ബകിസ്താന്‍, തജ്കിസ്താന്‍, തുര്ക്മെനിസ്താന്, കിര്ഗിസ്താന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര് ആദ്യമായി ഇത്തവണത്തെ മേളക്കെത്തുന്നുണ്ട്. ഈജിപ്ഷ്യന്‍ നോവലിസ്റ്റ് നജീബ് മഹ്ഫൂസിനെ ഇത്തവണത്തെ പുസ്തകമേളയിലെ ഫോകസ് പേഴ്സനാലിറ്റിയായി തിരഞ്ഞെടുത്തുവെന്ന് അറബിക് ഭാഷ കേന്ദ്രം ചെയര്മാന് ഡോ. അലി ബിന്‍ തമിം അറിയിച്ചു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പ്രസാധകരില്‍നിന്ന് വാടക ഈടാക്കുന്നില്ലെന്ന പ്രത്യേകതയും മേളക്കുണ്ട്. ലോക സംസ്കാരങ്ങള്‍ അറിയാനും ആഗോള സാംസ്കാരിക കേന്ദ്രമെന്ന അബൂദബിയുടെ പദവി ഊട്ടിയുറപ്പിക്കുന്ന വേദി കുടുംബസമേതം അനുഭവിച്ചറിയുന്നതിനും മേള അവസരമൊരുക്കുന്നുണ്ട്.
പ്രമുഖ പ്രസാധകര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും അവരുടെ ബ്രാന്‍ഡിന് പ്രോത്സാഹനം നല്‍കാനും പുസ്തകമേള വേദിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.