അബൂദബി: 30ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച മുതൽ 29 വരെ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കും. ജർമനിയാണ് ഈ വർഷത്തെ വിശിഷ്ടാതിഥി.സന്ദർശകർ, പ്രസാധകർ, അധ്യാപകർ, വിദഗ്ധർ എന്നിവർക്കായി ഒട്ടേറെ വെർച്വൽ ഇവൻറുകൾ ഉൾപ്പെടുത്തിയാണ് ഇത്തവണ പുസ്തകോത്സവം. 46 രാജ്യങ്ങളിലെ 800 എക്സിബിറ്റർമാർ പങ്കെടുക്കും. അറബിയിലും ഇംഗ്ലീഷിലുമുള്ള സാഹിത്യ, സാംസ്കാരിക വിഷയത്തിൽ ചർച്ചകളും സംവാദങ്ങളും നടക്കും.
രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയാണ് പുസ്തകമേള. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് പ്രവേശനം.മൊഴിമാറ്റം നടത്തിയ അച്ചടി പുസ്തകങ്ങൾക്കൊപ്പം ഇ- ബുക്ക്, ഓഡിയോ ബുക്ക് വിഭാഗങ്ങളും ഇക്കുറിയുണ്ട്. വെല്ലുവിളികൾക്കിടെ പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണക്കാൻ പുസ്തകോത്സവം സഹായിക്കും. കോവിഡിനിടെ കനത്ത സുരക്ഷ നടപടികളോടെയാണ്, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിൽ ഇക്കുറി പുസ്തകോത്സവം നടക്കുക.
അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് നടത്തുന്ന പ്രധാനപ്പെട്ട ബൗദ്ധിക, സാഹിത്യ വേദികളിലൊന്നാണ് അബൂദബി പുസ്തകോത്സവം. ലോകമെമ്പാടുമുള്ള കലാ-സംസ്കാരിക വികസനത്തിന് വഴിയൊരുക്കുന്നതോടൊപ്പം അറബ് സാഹിത്യ മികവ് ഉയർത്തിക്കാട്ടാൻ പുസ്തകോത്സവത്തിലൂടെ കഴിയുമെന്ന് അബൂദബി അറബിക് ഭാഷാകേന്ദ്രം ചെയർമാൻ ഡോ. അലി ബിൻ തമീം ചൂണ്ടിക്കാട്ടി.
അറബ് മേഖലയിൽ പകർപ്പവകാശം വിൽക്കാനുള്ള ആദ്യത്തെ വെർച്വൽ പ്ലാറ്റ്ഫോമിന് ഈ വർഷത്തെ പുസ്തകോത്സവത്തിൽ തുടക്കംകുറിക്കും. പ്രസാധകർക്കും എഴുത്തുകാർക്കും പ്രചോദനാത്മകമായ ആനുകൂല്യങ്ങളുടെ സമഗ്ര പാക്കേജ് നൽകും. 'സ്പോട്ട്ലൈറ്റ് ഓൺ റൈറ്റ്സ്' പ്രോഗ്രാമിൽ മികച്ച രീതിയിൽ അനുവദിച്ച ഗ്രാൻറുകളുടെ എണ്ണം 300 ആക്കി.
രചയിതാക്കൾ, കലാകാരന്മാർ എന്നിവരുടെ സാന്നിധ്യമുണ്ടാകും. അമേരിക്കൻ എഴുത്തുകാരൻ തയാരി ജോൺസിെൻറ പുതിയ സൃഷ്ടികൾ ചർച്ച ചെയ്യും. അമേരിക്കൻ ഫാൻറസി എഴുത്തുകാരൻ ബ്രെൻറ് വീക്സ് സയൻസ് ഫിക്ഷൻ നോവലുകളുടെ പ്രാധാന്യത്തെക്കുറിച്ച് വായനക്കാരുമായി സംവദിക്കും. കുവൈത്ത് എഴുത്തുകാരൻ തലേബ് അൽറെഫായി, ബ്രിട്ടീഷ് ടെലിവിഷൻ അവതാരകനും ചരിത്രകാരനുമായ ബെറ്റാനി ഹ്യൂസ്, ഇമാറാത്തി എഴുത്തുകാരായ സുൽത്താൻ അൽ അമിമി, ഇമാൻ അലൂസുഫ്, എഴുത്തുകാരൻ മിച്ച് ആൽബോം എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
ശൈഖ് സായിദ് പുസ്തക അവാർഡിെൻറ 14, 15 പതിപ്പുകളിലെ വിജയികളുമൊത്ത് പ്രത്യേക കവിത സായാഹ്നം നടക്കും. യുവ പുസ്തക പ്രേമികൾക്കായി വെർച്വൽ സെഷനുകളുമുണ്ട്.
അബൂദബി: അബൂദബി പുസ്തകോത്സവ വേദിയിലേക്ക് പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം. 17 വയസ്സിൽ താഴെയുള്ളവർക്കും പ്രവേശനമില്ല. സന്ദർശകർ 48 മണിക്കൂർ മുെമ്പടുത്ത നെഗറ്റിവ് പി.സി.ആർ ഫലം ഹാജരാക്കണം. adbookfair.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.
പങ്കെടുക്കാൻ കഴിയാത്തവർക്ക് പുസ്തകോത്സവത്തിെൻറ വെർച്വൽ ഇവൻറുകളിൽ പങ്കെടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. സ്മാർട്ട്ഫോണുകളിൽ ഫോണിൽ അൽ ഹൊസൻ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വാക്സിനേഷൻ വിവരങ്ങളും പി.സി.ആർ ഫലവും അധികൃതരെ ബോധ്യപ്പെടുത്തണം.മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. ഒരാൾക്ക് മൂന്ന് മണിക്കൂറാണ് പുസ്തകോത്സവ നഗരിയിൽ തങ്ങാനാകുക.
അബൂദബി: ഇമറാത്തി എഴുത്തുകാരനും ഗവേഷകനുമായ ആദിൽ അബ്ദുല്ല ഹുമൈദിെൻറ 'യു.എ.ഇയുടെ നായകത്വവും നേതൃത്വവും നേട്ടങ്ങളും' എന്ന ഗ്രന്ഥം അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഞായറാഴ്ച പ്രകാശനം ചെയ്യും. പുസ്തകത്തിെൻറ മലയാള മൊഴിമാറ്റം യു.എ.ഇ സാംസ്കാരിക യുവജന മന്ത്രാലയത്തിനു കീഴിലെ മാധ്യമപ്രവർത്തകനായ അബ്ദു ശിവപുരമാണ്.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ദുബൈ ഭരണാധികാരിയായിരുന്ന റാഷിദ് ബിൻ സഈദ് ആൽ മക്തൂം, യു.എ.ഇ പ്രസിഡൻറും അബൂദബി ഭരണാധികാരിയും യു.എ.ഇ സായുധ സേന സുപ്രീം കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, പശ്ചിമ അബൂദബിയിലെ റൂളേഴ്സ് പ്രതിനിധിയും റെഡ് ക്രെസൻറ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ ഭരണനേട്ടങ്ങളുടെ സംക്ഷിപ്ത രൂപമാണ് പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.